മഞ്ചേശ്വരം കണ്വതീര്‍ഥയില്‍ നടക്കുന്ന കായംകുളം കൊച്ചുണ്ണി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ തമിഴ് താരദമ്പതികളായ സൂര്യയും ജ്യോതികയും എത്തി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍മാതാവ് ഗോകുലം ഗോപാലന്‍, നായകന്‍ നിവിന്‍ പോളി എന്നിവര്‍ ചേര്‍ന്ന് വളരെ ഊഷ്‌മളമായ സ്വീകരണമാണ് ഇവർക്കൊരുക്കിയത്. വെൽക്കം സൂര്യ ആൻഡ് ജ്യോതിക എന്ന് എഴുതിയ കേക്ക് മുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് ദമ്പതികൾ മടങ്ങിയത്.
മലയാളത്തിന്റെ പ്രിയപ്പെട്ട കള്ളനായി നിവിൻ പോളി എത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ബോബി–സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം. കള്ളനാകുന്നതിനു മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും ജീവിതവും പ്രണയവുമെല്ലാം ചിത്രത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതു രണ്ടാം തവണയാണ് കായംകുളം കൊച്ചുണ്ണിയുടെ കഥ സിനിമയാകുന്നത്. 1966ൽ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയിൽ കൊച്ചുണ്ണിയായി എത്തിയത് സത്യമായിരുന്നു. കൊച്ചുണ്ണിയുടെ ജീവിതത്തില്‍ വലിയ പ്രധാന്യമുള്ള സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമലാ പോളാണ്. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി നിവിന്‍ പോളി കളരി പയറ്റും കുതിര സവാരി തുടങ്ങിയ കായികാഭ്യാസങ്ങളും പഠിച്ചിരുന്നു. തന്റെ കരിയറിലെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഉയരുന്ന സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി എന്ന് നിവിന്‍ മുൻപ് വ്യക്തമാക്കിയിരുന്നു. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
റോഷൻ ആൻഡ്രൂസിന്റെ അടുത്ത ചിത്രത്തിലും നിവിൻ പോളി തന്നെയാണ് നായകൻ. കേരളത്തിൽ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കടലുമായി ബന്ധപ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥയായിരിക്കും അടുത്ത ചിത്രം. അമേരിക്കൻ കമ്പനിയും മറ്റും നിർമ്മാണ പങ്കാളിയാകുന്ന ചിത്രം തമിഴിലേക്ക് മൊഴിമാറ്റുമെന്നും സൂചനയുണ്ട്.