പാതിവഴി മുടങ്ങിയ ആ സിനിമ തീർക്കാൻ അന്ന് പണം തന്നു സഹായിച്ചത് സുരേഷ് ഗോപി; ബി ഉണ്ണികൃഷ്ണൻ..!

Advertisement

മലയാളത്തിലെ പ്രശസ്തനായ രചയിതാവും സംവിധായകനും നിരൂപകനും ആണ് ബി ഉണ്ണികൃഷ്ണൻ. തിരക്കഥ രചയിതാവായ രംഗത്ത് വന്ന അദ്ദേഹം പിന്നീട് സംവിധായകൻ ആയും നിർമ്മാതാവ് ആയും വിതരണക്കാരനായും മലയാള സിനിമയുടെ ഭാഗമായി മാറി. മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറി കൂടിയാണ് ബി ഉണ്ണികൃഷ്ണൻ. മോഹൻലാലിനെ നായകനാക്കി മാടമ്പി, ഗ്രാൻഡ്മാസ്റ്റർ, വില്ലൻ എന്നീ ഹിറ്റ് ചിത്രങ്ങളും ദിലീപിനെ നായകനാക്കി കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഹിറ്റും സമ്മാനിച്ച അദ്ദേഹം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ സുരേഷ് ഗോപി നായകനായ സ്മാർട്ട് സിറ്റി, ഐ ജി, മമ്മൂട്ടി നായകനായ പ്രമാണി, കേരളാ കഫേ എന്ന ആന്തോളജി ചിത്രത്തിലെ അവിരാമം എന്ന ഹൃസ്വ ചിത്രം, പൃഥ്വിരാജ് നായകനായ ത്രില്ലർ, ഉണ്ണി മുകുന്ദൻ- ആസിഫ് അലി എന്നിവർ അഭിനയിച്ച ഐ ലവ് മി, മോഹൻലാൽ നായകനായ മിസ്റ്റർ ഫ്രോഡ് എന്നിവയാണ്.

സംവിധായകൻ ആയി എത്തുന്നതിനു മുൻപ് അദ്ദേഹം തിരക്കഥ രചിച്ച ചിത്രങ്ങൾ ആണ് ജലമർമ്മരം, കവർ സ്റ്റോറി, ശിവം, ദി ടൈഗർ എന്നിവ. ഇതിൽ ഷാജി കൈലാസ് സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ദി ടൈഗർ വൻ വിജയം നേടിയ ചിത്രമാണ്. രണ്ടു ദിവസം മുൻപ് ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്ന് നിർമ്മിച്ച സ്റ്റാൻഡ് അപ് എന്ന ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് വേളയിൽ വെച്ച് സാമ്പത്തിക ബുദ്ധിമുട്ടു മൂലം ആദ്യ ചിത്രം പൂർത്തിയാക്കാൻ കഴിയാതെ നിന്ന തന്റെ അവസ്ഥ വിവരിക്കുകയുണ്ടായി ബി ഉണ്ണികൃഷ്ണൻ. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ജലമർമ്മരം എന്ന ആ ചിത്രം അന്ന് പാതി വഴിയിൽ മുടങ്ങിയപ്പോൾ ബാക്കി പണം കൊണ്ട് വന്നു തന്നു അത് പൂർത്തിയാക്കാൻ സഹായിച്ചത് സുരേഷ് ഗോപി ആണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ഒരു ചിത്രത്തിന്റെ നിർമ്മാതാവായ താൻ ഇവിടെ നിൽക്കുമ്പോൾ ആ കാര്യം ഓർക്കാതിരിക്കാനാവില്ല എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Advertisement

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടി ആയിരുന്ന ബി ഉണ്ണികൃഷ്ണന്റെ നിർമ്മാണ- വിതരണ ബാനർ ആണ് ആർ ഡി ഇല്ല്യൂമിനേഷൻ. ഈ ബാനറിൽ ആണ് അദ്ദേഹം തെലുങ്കു ചിത്രങ്ങൾ ആയ യോദ്ധാവ്, ബാഗ്മതി, സാഹോ എന്നിവ കേരളത്തിൽ വിതരണം ചെയ്തത്. അടുത്തതായി മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബി ഉണ്ണികൃഷ്ണൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close