മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി, ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മാസം സുരേഷ് ഗോപിയുടെ ജന്മദിനം വരെ വലിയ രീതിയിലാണ് ആരാധകരും സിനിമാ പ്രേമികളും ആഘോഷിച്ചത്. അന്ന് തന്നെ രണ്ട് പുതിയ സുരേഷ് ഗോപി ചിത്രങ്ങളുടെ ടീസർ, മോഷൻ പോസ്റ്റർ എന്നിവയും പ്രേക്ഷകരുടെ മുന്നിലെത്തി. എന്നാൽ രാജ്യസഭാ എം പി കൂടിയായ സുരേഷ് ഗോപി പറയുന്നത്, കോവിഡ് വ്യാപനത്തിന്റെ ഫലമായി ഒട്ടേറെപ്പേരുടെ സഹയാഭ്യര്ഥന വിവിധ രാജ്യങ്ങളിൽ നിന്ന് വരാൻ തുടങ്ങിയതോടെ, ഉറക്കം പോലും കുറഞ്ഞെന്നും അതുകൊണ്ട് ഇത്തവണ പിറന്നാൾ പോലും ആഘോഷിക്കാൻ പറ്റിയില്ല എന്നുമാണ്.
ഏഷ്യാനെറ്റ് ന്യൂസിലെ നമസ്‌തേ കേരളം പരിപാടിയില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി ഇത് പറഞ്ഞത്. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ വലിയ വിഭാഗം ആളുകള്‍, അതില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയാലും അല്ലാത്തവരായാലും മന്ത്രിമാരായാലും ഒക്കെ നോര്‍ക്ക, കൊവിഡ് വാര്‍ റും വഴി പലവിധ ആവശ്യങ്ങളുമായി വിളിച്ചിരുന്നു എന്നും ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജ് ആണ് തന്നെ ആദ്യം വിളിച്ചത് എന്നും സുരേഷ് ഗോപി പറയുന്നു. അതിനു ശേഷം മൂന്നരമാസമായി ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും കഴിഞ്ഞ ദിവസവും ഫിലിപ്പീന്‍സില്‍ നിന്നും വരാനുളള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് കോളുകള്‍ വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ ഒരു ഭാഗത്ത് പകലാകുന്ന, അവിടുത്തെ പീക്ക് ടൈമിലാണ് കോളുകള്‍ വരുന്നത് എന്നും, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് പല സമയത്താണ് കോളുകള്‍ വരുന്നത് എന്നും സുരേഷ് ഗോപി വിശദീകരിക്കുന്നു. അത്തരം കോളുകള്‍ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തില്‍ തന്റെ മാനസിക ഘടന റീ സ്ട്രക്ച്ചര്‍ ചെയ്തെന്നും അതിന്റെ ഭാഗമായി ഇത്തവണത്തെ പിറന്നാള്‍ ദിവസം തനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല എന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം വൈകുന്നേരം ഒരു കേക്ക് മുറിക്കൽ മാത്രമാണ് ഉണ്ടായതെന്നും സുരേഷ് ഗോപി പറയുന്നു. ആഘോഷത്തിനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാവാത്തത് കൊണ്ടാണ് അന്ന് ചാനലുകളിൽ വരാതിരുന്നത് എന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.