മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന സുരേഷ് ഗോപി ഒരു ഇടവേളയ്ക്കു ശേഷം മികച്ച തിരിച്ചു വരവ് കാഴ്ച വെച്ചിരിക്കുകയാണിപ്പോൾ. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ് സംഭവിച്ചിരിക്കുന്നത്. ശോഭന, കല്യാണി പ്രിയദർശൻ, ദുൽകർ സൽമാൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽകർ സൽമാനാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടി സൂപ്പർ വിജയത്തിലേക്കാണ് ഈ ചിത്രം കുതിക്കുന്നത്. മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായി കോമെഡിയും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളുമെല്ലാമായി ഗംഭീര പ്രകടനമാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ഇപ്പോൾ സുരേഷ് ഗോപി അഭിനയിക്കുന്നത് കാവൽ എന്ന നിതിൻ രഞ്ജി പണിക്കർ ചിത്രത്തിലാണ്. മലയാളത്തിലെ മറ്റു രണ്ടു സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പവും ഒട്ടേറെ ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട് സുരേഷ് ഗോപി.
താൻ അഭിനയിച്ച പഴയ ചിത്രങ്ങൾ ടിവിയിൽ വരുമ്പോൾ കാണാറില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. മലയാള ചിത്രങ്ങൾ പഴയതു കാണാറില്ല എങ്കിലും പഴയ തമിഴ്, ഹിന്ദി സിനിമകൾ കാണാറുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ടിവിയിൽ വരുമ്പോൾ കൂടുതൽ കാണാറുള്ള സിനിമ രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് ആണെന്നും ഇപ്പോൾ തന്നെ ഒരു ഇരുപതു തവണയെങ്കിലും ആ ചിത്രം കണ്ടിട്ടുണ്ടാകും എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. അതൊരു സിനിമയാണെന്നു തോന്നില്ല എന്നും സംഭവങ്ങൾ കണ്മുന്നിൽ നടക്കുന്നത് പോലെയാണ് രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു. അതുപോലെ ജയസൂര്യ അഭിനയിച്ച കോക്‌ടെയ്ൽ എന്ന ചിത്രവും അഞ്ചോളം പ്രാവശ്യം കണ്ടിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.