ആക്ഷൻ രംഗങ്ങളിലൂടെയും തീപ്പൊരി ഡയലോഗുകളിലൂടെയും ആരാധകരെ ആവേശത്തിലാക്കിയ ജനപ്രിയ താരം. വെള്ളിത്തിരയിലെ ആക്ഷൻ കിംഗ്, സിനിമയുടെ പുറത്തേക്ക് വന്നാൽ സഹജീവികളെയും സമൂഹത്തെയും അകമഴിഞ്ഞ് സഹായിക്കുന്ന മനുഷ്യൻ കൂടിയാണ്. ജനപ്രിയമായ കഥാപാത്രങ്ങളിലൂടെ മാത്രമല്ല, നിസ്വാർഥമായ സേവനങ്ങളിലൂടെയും ജനങ്ങൾക്ക് ഉറ്റവനായ താരമാണ് സുരേഷ് ഗോപി. നടനെന്നതിന് പുറമെ, രാഷ്ട്രീയപ്രവർത്തനങ്ങളിലും സൂപ്പർതാരം സജീവമാണ്. എന്നാൽ, അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർട്ടിയോട് വിയോജിപ്പുള്ളവർ താരത്തെ വ്യക്തിഹത്യ ചെയ്യുന്നതും, അധിക്ഷേപിക്കുന്നതും ഇപ്പോൾ പതിവ് സംഭവമായിരിക്കുകയാണ്. എങ്കിലും, ഇങ്ങനെയുള്ള പോസ്റ്റുകൾക്കെല്ലാം തക്കതായ മറുപടി ഒട്ടും വൈകാതെ നൽകുന്നതിലും സുരേഷ് ഗോപി പിന്നോട്ടല്ല.
ഇപ്പോഴിതാ, കോളജ് പഠനകാലത്ത് താനൊരു എസ്എഫ്ഐക്കാരനായിരുന്നു എന്നും, പിന്നീട് പാർട്ടിയിൽ നിന്ന് മാറി പാർട്ടിയ്ക്കെതിരെ ശബ്ദമുയർത്താനുണ്ടായ സാഹചര്യവും തുറന്നുപറയുകയാണ് അദ്ദേഹം. താടിമീശ നീട്ടിവളർത്തിയ തന്റെ ചിത്രത്തെ സിംഹവാലൻ കുരങ്ങുമായി താരതമ്യം ചെയ്തുള്ള പോസ്റ്റിന് താൻ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് സുരേഷ് ഗോപി ഇക്കാര്യവും വെളിപ്പെടുത്തിയത്.
സൈലന്റ് വാലി ദേശീയ ഉദ്യാനമാകുന്നതിന് മുൻപ് നടന്ന കോളജിലെ പ്രതിഷേധങ്ങളെ താനാണ് നയിച്ചിരുന്നതെന്നും, ഈ സമയത്താണ് എസ്എഫ്ഐ വിട്ടതെന്നും നടൻ പറഞ്ഞു. ‘സൈലന്റ് വാലി എന്ന ഹൈഡാം പ്രോജക്ട് വരുന്നതിനെതിരെ സമരം ചെയ്ത കൊല്ലം ഫാത്തിമാ കോളജിൽ സുവോളജി ഡിപ്പാർട്മെന്റിലെ എസ്എഫ്ഐക്കാരുണ്ട്. ഇതിന്റെ ലീഡറായിരുന്നു ഞാൻ. അന്നത്തെ എന്റെ സുഹൃത്തായ ഫൈസി എന്ന നക്സലൈറ്റ് പ്രവർത്തകനാണ് ഇതിന്റെ ആവശ്യമെന്തെന്ന് ഞങ്ങളെ പഠിപ്പിക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ഞങ്ങൾക്ക് വേണ്ട സഹായങ്ങൾ തന്നു. അന്ന് ഞാൻ ഒരു നോട്ടീസ് ബോർഡ് ഉണ്ടാക്കി സുവോളജി ഡിപ്പാർട്മെന്റിൽ വച്ചു, സുവോളജി ഡിപ്പാർട്മെന്റിന്റെ സെക്രട്ടറിയായി. എസ്എഫ്ഐ ആയിരുന്ന ഞാൻ അതിൽ നിന്ന് മാറി സ്വതന്ത്രനായി നിന്ന് പാർട്ടിക്ക് എതിരെ ജയിച്ചു. പാർട്ടിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തി സമരത്തിനെ നയിച്ചു.
സിംഹവാലനെ സംരക്ഷിക്കുന്നതിനായി, സൈലന്റ് വാലിയ്ക്ക് വേണ്ടി സ്വന്തം കൈപ്പടയിൽ ഇന്ദിരാ ഗാന്ധിയ്ക്ക് കത്തെഴുതി മറുപടി വാങ്ങിച്ച ആളാണ് ഞാൻ. 79 അവസാനമാണ് അത് ചെയ്തത്.’ 82 അവസാനമായപ്പോൾ സൈലന്റ് വാലിയെ ദേശീയ പാർക്കായി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചെന്നും ഓൺലുക്കേഴ്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂപ്പർതാരം വിശദമാക്കി.
രണ്ട് ദിവസം മുൻപ് റിലീസിനെത്തിയ പാപ്പൻ എന്ന മാസ് ത്രില്ലർ ചിത്രം ഗംഭീര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടുന്നത്. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിൽ ഗോകുൽ സുരേഷ്, നിത പിള്ള, നൈല ഉഷ, കനിഹ എന്നിവരം പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.