![](https://i0.wp.com/onlookersmedia.com/wp-content/uploads/2019/11/suresh-gopi-once-again-winning-heart-through-his-helping-hand.jpg?fit=1024%2C592&ssl=1)
നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസൺ ഇപ്പോൾ മഴവിൽ മനോരമയിൽ നടക്കുകയാണ്. പതിവ് പോലെ സുരേഷ് ഗോപി തന്നെയാണ് ഈ സീസണിലും വളരെ വിജയകരമായി ഈ ഷോ അവതരിപ്പിക്കുന്നത്. ഓരോ സീസണിലും മത്സരാർത്ഥികൾ ആയി എത്തുന്നവർക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒട്ടേറെ സഹായങ്ങൾ സുരേഷ് ഗോപി ചെയ്യാറുണ്ട്. സഹായം ആവശ്യമുള്ളവർക്കും പണം ആവശ്യമുള്ളവർക്കും എല്ലാം സ്വന്തമായ രീതിയിൽ സഹായം ചെയ്തു കൊടുക്കുന്നു അദ്ദേഹം. ഈ സീസണിൽ തന്നെ പല തവണ അത്തരം നന്മ നിറഞ്ഞ പ്രവർത്തികൾ സുരേഷ് ഗോപി ചെയ്തു കഴിഞ്ഞു. വികലാംഗനായ ഒരാൾക്ക് തന്റെ അടുത്ത സിനിമ ആയ കാവലിൽ പാടാൻ അവസരം കൊടുക്കും എന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴിതാ ഒരു മത്സരാർഥിയുടെ ഭർത്താവിന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്തു കഴിഞ്ഞു.
പൂജ എന്ന് പേരുള്ള ആ മത്സരാർത്ഥി ചുമട്ടു തൊഴിലാളി ആയ തന്റെ ഭർത്താവിന്റെ ശസ്ത്രക്രിയക്കു പണം കണ്ടെത്താൻ ആണ് നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ എത്തിയത്. എന്നാൽ നമുക്കെല്ലാം വേണ്ടി തലയിൽ ഭാരം ചുമക്കുന്ന പൂജയുടെ ഭർത്താവിന്റെ ശസ്‍ത്രക്രിയയുടെ മുഴുവൻ ചിലവുകളും താൻ വഹിക്കും എന്ന് സുരേഷ് ഗോപി അവർക്കു പബ്ലിക് ആയി തന്നെ വാക്കു കൊടുത്തു കഴിഞ്ഞു. ഏത് ആശുപത്രയിൽ വെച്ച് നടത്തണം എന്നും എത്ര രൂപ വേണ്ടി വരും എന്ന കാര്യവും തന്നെ അറിയിക്കാൻ സുരേഷ് ഗോപി അവരോടു പറഞ്ഞിട്ടുണ്ട്. ഏതായാലും സുരേഷ് ഗോപി മലയാളികളുടെ മനസ്സ് ഒരിക്കൽ കൂടി കീഴടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.