ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു കെ മധു സംവിധാനം ചെയ്ത ക്രൈം ഫയൽ എന്ന ചിത്രം. സിസ്റ്റർ അഭയ കേസിന്റെ അഭ്രാവിഷ്കാരം എന്ന പേരിൽ ശ്രദ്ധ നേടിയ ഈ ചിത്രം ഇരുപത്തിയൊന്ന് വർഷം മുൻപാണ് റിലീസ് ചെയ്തത്. സിസ്റ്റർ അമല എന്ന കഥാപാത്രത്തിന്റെ കൊലപാതകം അന്വേഷിക്കാൻ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ ഈശോ പണിക്കർ ഐപിഎസ് ആയാണ് സുരേഷ് ഗോപി ഈ ചിത്രത്തിലഭിനയിച്ചതു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് സുരേഷ് ഗോപിയെ ഒരിക്കൽ കൂടി ഈശോ പണിക്കർ ആയി നമ്മുടെ മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ കെ മധു. ഇതിനായുള്ള ജോലികൾ തുടങ്ങിക്കഴിഞ്ഞു എന്നും സുരേഷ് ഗോപിയോട് ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുമെന്നും സംവിധായകൻ കെ മധു മാധ്യമങ്ങളോട് പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഈശോ പണിക്കരെ സൃഷ്ടിച്ച എ.കെ. സാജൻ തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ എന്നും വിവരങ്ങൾ വരുന്നുണ്ട്. ഈ അടുത്തിടെയാണ് അഭയ കേസിൽ പ്രതികളെ ശിക്ഷിച്ചു കൊണ്ടുള്ള കോടതി വിധി വന്നത്.
ആ സാഹചര്യത്തിലാണ് ക്രൈം ഫയൽ എന്ന ചിത്രവും ചർച്ചാ വിഷയമായി വന്നത്. സുരേഷ് ഗോപിയോടൊപ്പം, സംഗീത, സിദ്ദിഖ്, കലാഭവൻ മണി, രാജൻ പി ദേവ്, വിജയ രാഘവൻ, ജനാർദ്ദനൻ തുടങ്ങിയവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായിരുന്നു. കെ മധു അടുത്തതായി ചെയ്യാൻ പോകുന്നത് മമ്മൂട്ടിയെ നായകനാക്കി സി ബി ഐ സീരിസിലെ അഞ്ചാമത്തെ ചിത്രമാണ്. ഒരു സി ബി ഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി ബി ഐ, നേരറിയാൻ സി ബി ഐ എന്നീ ചിത്രങ്ങൾക്ക് ശേഷം സേതുരാമയ്യർ എന്ന കഥാപാത്രം വീണ്ടും എത്തുന്ന ഈ ചിത്രം രചിക്കുന്നത് എസ് എൻ സ്വാമിയാണ്. മമ്മൂട്ടി ഈ ചിത്രം ചെയ്യാൻ സമ്മതം മൂളിയെന്നും സി ബി ഐ സീരിസിലെ അവസാന ചിത്രമായിരിക്കും ഇതെന്നും കെ മധു പറഞ്ഞിരുന്നു.