സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത കളിയാട്ടം എന്ന ചിത്രം പുറത്തിറങ്ങിയത് 1997 ലാണ്. ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രം തെയ്യം അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ഇപ്പോഴിതാ ആ ചിത്രം റിലീസ് ചെയ്ത 27 വർഷങ്ങൾക്ക് ശേഷം അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടം.
ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം അടുത്ത തെയ്യം സീസണിലാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് തെയ്യത്തിന്റെ ഏറ്റവും വലിയ സീസൺ. ജൂൺ മാസത്തോടെ തെയ്യം സീസൺ അവസാനിക്കും. അത്കൊണ്ട് തന്നെ 2025 ജൂണിനു മുൻപ് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍, കന്നഡ താരം ബി.എസ്. അവിനാഷ് എന്നിവരാണ് ഈ ചിത്രത്തിന്റെ താരനിരയിലെ മറ്റുപ്രമുഖര്‍. ചിത്രത്തിന് കളിയാട്ടം എന്ന തന്റെ മുന്‍ സിനിമയുമായി ബന്ധമൊന്നും ഇല്ലെന്നു ജയരാജ് പറഞ്ഞിരുന്നു. ഷേക്‌സ്പിയറുടെ ഒഥല്ലോ എന്ന വിശ്വപ്രസിദ്ധ നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു കളിയാട്ടം ഒരുക്കിയത്. ബല്‍റാം മട്ടന്നൂരായിരുന്നു അതിന്റെ തിരക്കഥ രചിച്ചത്. കണ്ണന്‍ പെരുമലയൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി അഭിനയിച്ച ചിത്രത്തിൽ മഞ്ജു വാര്യർ, ലാൽ, ബിജു മേനോൻ എന്നിവരും എത്തി.
ആ വര്‍ഷത്തെ മികച്ച സംവിധായകനും നടനുമുള്ള ദേശീയ പുരസ്‌കാരവും കളിയാട്ടത്തിനു ലഭിച്ചു. പെരുവണ്ണാന്‍ എന്ന കഥപാത്രത്തെയാണ് ഒരു പെരുങ്കളിയാട്ടം എന്ന ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.