പ്രശസ്ത സംവിധായകൻ ബ്ലെസ്സി തന്റെ ഏറ്റവും പുതിയ ചിത്രമായ ആട് ജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു ഇപ്പോൾ ജോർദാനിലാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് 19 ഭീഷണിക്കിടയിലും ജോർദാൻ ഗവണ്മെന്റിന്റെ പ്രത്യേക അനുമതിയോടെ അവിടെ ഒരു മരുഭൂമി ഏരിയയിൽ നടക്കുകയായിരുന്നു. എന്നാൽ ഓരോ ദിവസവും കോവിഡ് പടർന്നു കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ ഷൂട്ടിംഗ് അവസാനിപ്പിക്കാൻ ജോർദാൻ ഗവണ്മെന്റ് നിർദേശിച്ചതോടെ, ഷൂട്ട് തുടരാൻ പറ്റാതെ ബ്ലെസ്സിയും പൃഥ്വിരാജ് സുകുമാരനുമടക്കമുള്ള ഷൂട്ടിംഗ് സംഘം ജോർദാനിൽ കുടുങ്ങിയിരിക്കുകയാണ്. വിമാന സർവീസുകൾ നിർത്തി വെച്ചിരിക്കുന്ന സാഹചര്യത്തിൽ ഉടനെ അവിടെ നിന്ന് പോരലും സാധ്യമായ കാര്യമല്ല. എന്നാൽ തങ്ങൾക്കു ഇവിടെ താമസവും ഭക്ഷണവും മെഡിക്കൽ കെയറുമടക്കമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാണ് എന്നും പേടിക്കേണ്ട കാര്യമില്ല എന്നും പൃഥ്വിരാജ്, സംവിധായകൻ ബ്ലെസ്സി എന്നിവർ അറിയിച്ചു. തങ്ങളുടെ കാര്യം മലയാള ചലച്ചിത്ര താരവും എം പിയും ആയ സുരേഷ് ഗോപി നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നാണ് ബ്ലെസ്സി പറയുന്നത്.
സുരേഷ് ഗോപി തങ്ങളെ വിളിച്ചു എന്നും ആവശ്യമുള്ളത് എല്ലാം അദ്ദേഹം ചെയ്തു തരുന്നുണ്ട് എന്നും ബ്ലെസ്സി പറയുന്നു. കേരളാ മുഖ്യമന്ത്രിയുടെ ഓഫിസുമായും അതുപോലെ കേന്ദ്ര മന്ത്രിയായ മുരളീധരനുമായും താൻ ഫോണിൽ സംസാരിച്ചു എന്നും സുരേഷ് ഗോപിയോടൊപ്പം ചേർന്ന് അവരെല്ലാം ജോർദാനിൽ ഉള്ള ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കത്തിലാണ് എന്നും ബ്ലെസ്സി വെളിപ്പെടുത്തുന്നു. തങ്ങളുടെ വിസ എക്സ്റ്റൻഷൻ സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും അതുപോലെ സാങ്കേതികമായ തടസ്സങ്ങളെ കുറിച്ചുമൊക്കെ സജീവമായ ചർച്ചകൾ അവർ നടത്തുന്നുണ്ട് എന്നും 24 ന്യൂസുമായി ഫോണിൽ സംസാരിക്കവെ ബ്ലെസ്സി പറഞ്ഞു. മകൻ പൃഥ്വിരാജ്, ആട് ജീവിതം ഷൂട്ടിംഗ് സംഘം എന്നിവർക്ക് അവിടെ യാതൊരു ബുദ്ധിമുട്ടും ഇപ്പോൾ ഇല്ല എന്ന് മല്ലിക സുകുമാരനും പറഞ്ഞിരുന്നു.