വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല, പക്ഷേ പ്രതികരണം മാന്യമായിരിക്കണം: സുരേഷ് ഗോപി..!

Advertisement

ലക്ഷദ്വീപ് വിഷയത്തിൽ പുതിയ ഭരണകൂടത്തിനെതിരെ പ്രതികരണവുമായി എത്തിയ നടൻ പൃഥ്വിരാജ് സുകുമാരന് എതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹത്തെ പിന്തുണച്ചും ഒട്ടേറെ സിനിമാ പ്രവർത്തകർ വരുന്നുണ്ട്. പലരും പ്രത്യക്ഷമായും പരോക്ഷമായും പൃഥ്വിരാജ് സുകുമാരനെ പിന്തുണക്കുന്ന പോസ്റ്റുകളാണ് ഇടുന്നതു. കഴിഞ്ഞ ദിവസം സംവിധായകൻ പ്രിയദർശൻ പൃഥ്വിരാജ് സുകുമാരന് എതിരായ ആക്രമണങ്ങളെ അപലപിച്ചു കൊണ്ട് മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ സൂപ്പർ താരവും എംപിയുമായ സുരേഷ് ഗോപി ആണ് പരോക്ഷമായി പ്രിത്വിരാജിനെ പിന്തുണച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ഈ വിഷയത്തിലുള്ള തന്റെ പ്രതികരണം അദ്ദേഹം അറിയിച്ചിരിക്കുന്നത്. ലക്ഷദ്വീപ് വിഷയത്തിൽ തൊടാതെ, പൃഥ്വിരാജ് സുകുമാരന് എതിരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചാണ് സുരേഷ് ഗോപി എം പിയുടെ ഫേസ്ബുക് പോസ്റ്റ്.

തന്റെ ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെ, പ്ലീസ്, പ്ലീസ്, പ്ലീസ്. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല.

Advertisement

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാൻ. ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കിൽ നമ്മൾ പാപികളാകും. അത് ഓർക്കണം. അഭ്യർഥനയാണ്. രാഷ്ട്രീയം കാണരുത് ഇതിൽ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close