ഒട്ടേറെ വർഷങ്ങൾ താര സംഘടനയായ അമ്മയിൽ നിന്നും മാറി നിന്ന, സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ അമ്മയിലേക്കുള്ള തിരിച്ചു വരവാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്, അമ്മ സംഘടിപ്പിച്ച ആരോഗ്യ പരിശോധനാ ക്യാമ്പും അംഗങ്ങളുടെ ഒത്തുചേരലും ചേർന്ന ‘ഉണര്‍വ്വ്’ എന്ന പരിപാടിയുടെ മുഖ്യാതിഥിയായിട്ടാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെത്തിയത്. സഹപ്രവര്‍ത്തകര്‍ പൊന്നാടയണിയിച്ചാണ് സുരേഷ് ഗോപിയെ ഈ ചടങ്ങിലേക്ക് സ്വീകരിച്ചത്. ഇന്നേക്ക് 25 വർഷങ്ങൾക്കു മുൻപ്, 1997ല്‍ ‘അമ്മ’യുടെ നേതൃത്വത്തില്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിക്ക് പിന്നാലെ ഉടലെടുത്ത ഒരു തർക്കമാണ് അദ്ദേഹത്തെ ഈ സംഘടനയില്‍ നിന്നും ഇത്രയും വർഷം മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നത് പരസ്യമായ കാര്യമാണ്. എന്നാൽ താൻ അമ്മയുടെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെങ്കിലും, സംഘടനയിലെ പല സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോഴും തന്നോട് ചര്‍ച്ച ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്.
പണ്ട് തർക്കത്തിന് കാരണമായ, ഗൾഫിൽ നടന്ന ഷോ, സന്നദ്ധ പ്രവർത്തനങ്ങൾക്കായി നാട്ടിൽ അഞ്ച് വേദികളിലും അവതരിപ്പിക്കുകയുണ്ടായി. ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം രൂപ ‘അമ്മ’യിലേക്ക് നൽകുമെന്ന് അന്ന് സുരേഷ് ഗോപി സംഘടനയെ അറിയിക്കുകയും ചെയ്തു. എന്നാൽ, പണം നല്‍കാമെന്ന് പറഞ്ഞയാൾ വാക്കു പാലിക്കാതെയിരുന്നതോടെ, വിഷയം കൈവിട്ടു പോവുകയും, അത് സംഘടനയിൽ വലിയ വാക്കേറ്റത്തിന് കാരണമായി മാറുകയും ചെയ്തു. അതിന്റെ പേരിൽ സുരേഷ് ഗോപിയോട് രണ്ടു ലക്ഷം രൂപ പിഴയടക്കാൻ കൂടി ആവശ്യമുയർന്നതോടെ, അദ്ദേഹം അത് ചെയ്തിട്ടു സംഘടനയിൽ നിന്നും മാറിനിൽക്കാനാരംഭിച്ചു. സംഘടനയുടെ പ്രെസിഡന്റായി സുരേഷ് ഗോപിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളായ, സൂപ്പർ താരം മോഹൻലാൽ എത്തിയതോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഏവരും പ്രതീക്ഷിച്ചിരുന്നു.
ഫോട്ടോ കടപ്പാട്: Pranav C Subhash