കഴിഞ്ഞ മാസം ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ജന്മദിനത്തിനാണ് അദ്ദേഹം നായകനാവുന്ന ഇരുനൂറ്റിയന്പതാമത് ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം വന്നത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യാൻ പോകുന്ന ആ ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന മാസ്സ് അച്ചായൻ കഥാപാത്രമായാണ് സുരേഷ് ഗോപി അഭിനയിക്കാനിരുന്നത്. അതിലെ സുരേഷ് ഗോപിയുടെ ഗെറ്റപ്പും അതുപോലെ അന്നേ ദിവസം വൈകുന്നേരം റിലീസ് ചെയ്ത മോഷൻ പോസ്റ്ററും വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിച്ച ഈ ബിഗ് ബജറ്റ് ചിത്രം മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമ്മിക്കാനിരുന്നത്. ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന ചിത്രത്തിന് ഇപ്പോൾ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നതു. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു കൊണ്ടുള്ള കോടതിയുടെ സ്റ്റേ ആണ് കാര്യങ്ങൾ വിഷമത്തിലാക്കിയിരിക്കുന്നത്. പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് സംവിധായകന്‍ ജിനു എബ്രഹാം നൽകിയ കേസിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്.
മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങൾ രചിച്ച ജിനു എബ്രഹാം പൃഥ്വിരാജ് നായകനായ ആദം ജോൺ ഒരുക്കിക്കൊണ്ടാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ് തന്നെ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് ജിനു അബ്രഹാമിന്റെ അടുത്ത ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥയും ഇതിലെ കഥാപാത്രങ്ങളുടെ പേരും പകർപ്പവകാശം ലംഘിച്ചുകൊണ്ട് സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉപയോഗിച്ചു എന്നാണ് ഹർജിക്കാരന്റെ ആരോപണം. മാത്രമല്ല, കടുവയുടെ ഓരോ സീനും തിരക്കഥയും പകര്‍പ്പവകാശ നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്തതിന്റെ തെളിവുകളും അവർ കോടതിയിൽ ഹാജരാക്കി. കടുവ എന്ന സിനിമയില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ പേരും കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നു തന്നെയാണെന്ന് മാത്രമല്ല, രണ്ടു ചിത്രത്തിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ തമ്മിലും വലിയ സാമ്യമാണുള്ളത്.