തന്റെ അച്ഛനെ ഓർമ്മിപ്പിക്കുന്ന കഥാപാത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രികൾ എന്ന ചിത്രത്തിലേതെന്നു സുരാജ് വെഞ്ഞാറമ്മൂട്..!

Advertisement

ദേശീയ അവാർഡ് ജേതാവായ പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രികൾ. ഏയ്ഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീൻ മാർക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജി നന്ദകുമാർ ആണ്. സുരാജ് വെഞ്ഞാറമൂടിന് മറ്റൊരു ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിലൂടെ നമ്മുക്ക് മുന്നിലെത്താൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വളരെയധികം ശ്രദ്ധ നേടിയെടുത്തിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് ആഭാസം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ ചിത്രത്തിന്റെ കഥ കേൾക്കുന്നതും ചെയ്യാൻ തീരുമാനിക്കുന്നതും . ഈ ചിത്രത്തിന്റെ കഥ കേട്ട അതേ സ്ഥലത്തു വെച്ചാണ് താൻ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ കഥയും കേട്ടതെന്നു ഓർത്തെടുക്കുന്നു സുരാജ് . കുട്ടൻ പിള്ള എന്ന മധ്യവയസ്‌കൻ ആയാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രം തന്റെ അച്ഛനെ ഓർമ്മിപ്പിച്ചത് കൊണ്ടാണ് തനിക്കിതു ഒരുപാട് ഇഷ്ടമായതെന്നു സുരാജ് പറയുന്നു.

ഒരു പോലീസ് കോൺസ്റ്റബിൾ ആണ് സുരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കുട്ടൻ പിള്ള. ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് രാജി നന്ദകുമാർ ഈ ചിത്രം നിർമ്മിക്കുന്നത്. ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും ഈ ചിത്രത്തിൽ സുരാജിനൊപ്പം അഭിനയിക്കുന്നുണ്ട്. ഫാസിൽ നാസർ ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷിബിഷ് കെ ചന്ദ്രൻ ആണ്. സംവിധായകൻ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ആഭാസം എന്ന ചിത്രവും സുരാജ് പ്രധാന വേഷത്തിൽ അഭിനയിച്ചു റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് . മോഹൻലാലിനൊപ്പം നീരാളി എന്ന ചിത്രത്തിലും മമ്മൂട്ടിയോടൊപ്പം പേരന്പ് എന്ന ചിത്രത്തിലും സുരാജ് അടുത്തിടെ അഭിനയിച്ചിരുന്നു. ഈ രണ്ടു ചിത്രങ്ങളും ഈ വർഷം തീയേറ്ററുകളിൽ എത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close