വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് ആരാധകരെ വിസ്‌മയിപ്പിക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല സ്വഭാവിക വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചതാണ്. കോമഡി കഥാപാത്രങ്ങളിൽ നിന്ന് മാറി വേറിട്ട വേഷങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ ദേശീയ പുരസ്‌കാരവും സുരാജിനെ തേടിയെത്തി. തന്റെ ഈ മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കോമഡി വേഷങ്ങള്‍ ചെയ്തു ചെയ്തു മടുത്തപ്പോഴാണ് രഞ്ജിയേട്ടനോട് എന്നെ ഒന്ന് രക്ഷപ്പെടുത്താമോ എന്ന് ചോദിക്കുന്നത്. ഇപ്പോള്‍ നീ കോമഡിയല്ലേ ചെയ്യുന്നത്. അത് തുടരട്ടെ, നിന്നെ മാറ്റി പരീക്ഷിക്കണമെന്ന് തോന്നുമ്പോള്‍ അത് ചെയ്യുമെന്ന് പറയുകയും പിന്നീട് സ്പിരിറ്റിൽ വേറിട്ട ഒരു വേഷം നൽകിയെന്നും സുരാജ് പറയുന്നു.
ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രവും എബ്രിഡ് ഷൈനിനോട് ചോദിച്ചു വാങ്ങിയതാണ്. ചിത്രത്തിലെ രംഗം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും വന്ന് അഭിനന്ദിച്ചിരുന്നു. ആ അഭിനന്ദനങ്ങള്‍ നല്‍കിയ സന്തോഷം അത്രയും വലുമായിരുന്നുവെന്നും പുരസ്‌കാരനേട്ടത്തിനും അപ്പുറത്തുള്ള സന്തോഷമായിരുന്നു അന്നുണ്ടായിരുന്നതെന്നും സുരാജ് മുൻപ് വ്യക്തമാക്കിയിരുന്നു. ദേശീയ പുരസ്‌കാരം ലഭിച്ചു കഴിഞ്ഞു ആ അവാര്‍ഡ് വീട്ടില്‍ കൊണ്ട് വെച്ചതല്ലാതെ കൂടുതല്‍ ആളുകള്‍ സിനിമ കാണാത്തത് കൊണ്ട് അവരുടെ അംഗീകാരം എനിക്ക് ലഭിച്ചില്ല. എന്നാൽ ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം കണ്ടിട്ടാണ് പ്രേക്ഷകര്‍ എനിക്ക് അവാര്‍ഡ് നല്‍കിയതെന്നും താരം ചൂണ്ടിക്കാട്ടുന്നു.
അതേസമയം സുരാജ് വെഞ്ഞാറമൂട് നായകനായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രവും ഇപ്പോൾ പ്രേക്ഷകപ്രശംസ നേടി മുന്നോട്ടുകുതിക്കുകയാണ്. നിമിഷയുടെ ചിത്രമാണ് എന്നറിഞ്ഞു തന്നെയാണ് നെഗറ്റീവ് ഛായയുള്ള കഥാപാത്രം ചെയ്യാൻ സുരാജ് തയ്യാറായതെന്ന് സംവിധായകൻ ജിയോ ബേബി വ്യക്തമാക്കിയിരുന്നു. നടന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സാമൂഹിക ബോധത്തിനു തെളിവായിരുന്നു ആ സമ്മതമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.