![](https://i0.wp.com/onlookersmedia.com/wp-content/uploads/2023/07/Superhit-producer-with-huge-Mohanlal-film-Super-director-to-prepare-the-film..jpg?fit=1024%2C592&ssl=1)
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഒരു വലിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് താനെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ വെളിപ്പെടുത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ താൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥാ ജോലികൾ അതിന്റെ അവസാനഘട്ട മിനുക്കുപണിയിൽ ആണെന്നും, വൈകാതെ തന്നെ താൻ പൂർണ്ണമായ തിരക്കഥയുമായി പോയി മോഹൻലാലിനെ കാണുമെന്നും ലിസ്റ്റിൻ വെളിപ്പെടുത്തി. ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഉണ്ടാകുമെന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.
എന്നാൽ ഏവരും ചർച്ച ചെയ്യുന്നത് ഈ മാജിക് ഫ്രെയിംസ്- മോഹൻലാൽ ചിത്രത്തിന്റെ സംവിധായകൻ ആരായിരിക്കും എന്നതിനെ കുറിച്ചാണ്. പുതിയ തലമുറയിലെ ഒരു സൂപ്പർ ഹിറ്റ് സംവിധായകനാണ് ഈ ചിത്രം ഒരുക്കുന്നതെന്ന വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. മാജിക് ഫ്രെയിംസ് നിർമ്മിച്ച സൂപ്പർ ഹിറ്റ് ചിത്രമായ ജനഗണമന ഒരുക്കിയ ഡിജോ ജോസ് ആന്റണിയുടെ പേരാണ് ഇപ്പോൾ മോഹൻലാൽ ചിത്രമൊരുക്കാനുള്ള സംവിധായകരുടെ പേരുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്. പരസ്യ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം പ്രവർത്തിച്ച പരിചയവും ഡിജോക്ക് ഉണ്ട്. ഡിജോയെ കൂടാതെ പറഞ്ഞു കേൾക്കുന്ന പേരുകൾ, കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നിവയൊരുക്കിയ നിസാം ബഷീർ, രണം, കുമാരി എന്നിവയൊരുക്കിയ നിർമ്മൽ സഹദേവ് എന്നിവരുടെയാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.