മെഗാസ്റ്റാർ ലുക്കിൽ സണ്ണി വെയ്ൻ: ടർബോയിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ആണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മമ്മൂട്ടി ഇതിന്റെ സെറ്റിൽ ജോയിൻ ചെയ്തത്. ഇതിലെ അദ്ദേഹത്തിന്റെ കിടിലൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ മമ്മൂട്ടിയെ അനുസ്മരിപ്പിക്കുന്ന ലുക്കിലുള്ള യുവതാരം സണ്ണി വെയ്‌ന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ടർബോയിൽ മമ്മൂട്ടിക്കൊപ്പം വളരെ നിർണ്ണായകമായ ഒരു വേഷവും സണ്ണി വെയ്ൻ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മമ്മൂട്ടിയുടെ അനുജൻ ആയി ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് സണ്ണി വെയ്ൻ ചെയ്യുന്നതെന്നും വാർത്തകളുണ്ട്.

അടുത്തകാലത്തായി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ നടനായും താരമായും നിറഞ്ഞു നിൽക്കുകയാണ് സണ്ണി വെയ്ൻ. അപ്പൻ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം വലിയ കയ്യടിയാണ് ഈ നടന് നേടിക്കൊടുത്തത്. ഈ വരുന്ന നവംബർ പത്തിന് റിലീസ് ചെയ്യാൻ പോകുന്ന വേല എന്ന ചിത്രത്തിലും ഷെയ്ൻ നിഗമിനൊപ്പം നായക വേഷം ചെയ്യുന്നത് സണ്ണി വെയ്ൻ ആണ്. ഒരു പോലീസ് കഥാപാത്രമായാണ് വേലയിൽ സണ്ണി വെയ്ൻ അഭിനയിക്കുന്നത്. ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിൽ അതിഥി വേഷത്തിലും സണ്ണി വെയ്ൻ അഭിനയിച്ചിരുന്നു. മമ്മൂട്ടി, സണ്ണി വെയ്ൻ എന്നിവർക്കൊപ്പം അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, കൈതി ഫെയിം അർജുൻ ദാസ് എന്നിവരും വേഷമിടുന്ന ടർബോക്ക് ക്യാമറ ചലിപ്പിക്കുന്നത് വിഷ്ണു ശർമയും സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസുമാണ്. ഷമീർ മുഹമ്മദാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close