മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സമ്മർ ഇൻ ബത്‌ലഹേം. ഒരു ക്ലാസിക് എന്റെർറ്റൈനെർ എന്ന പേര് നേടിയ ഈ ചിത്രം 1998 ഇൽ ആണ് റിലീസ് ചെയ്തത്. രഞ്ജിത് രചിച്ചു സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവർ വന്നപ്പോൾ അതിനിർണായകമായ അതിഥി വേഷത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഇതിന്റെ ഭാഗമായി. സിയാദ് കോക്കർ ആണ് ഈ ചിത്രം നിർമ്മിച്ചത്. കുറച്ചു മാസങ്ങൾക്കു മുൻപ്, മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തിയ മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാവുമെന്നു നിർമ്മാതാവ് സിയാദ് കോക്കർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് അദ്ദേഹം. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം പുത്തൻ വിവരങ്ങൾ പുറത്തു വിട്ടത്.
പുതിയ തലമുറയിലെ താരങ്ങളെ വെച്ചിട്ടാണ് സമ്മർ ഇൻ ബത്‌ലഹേം സെക്കന്റ് പാര്‍ട്ട് ആലോചിക്കുന്നതെന്നും, വേറെ ഒരു കഥയാണ് പറയുന്നതെന്നും അദ്ദേഹം പറയുന്നു. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി ചെയ്യുന്നത് മണ്ടത്തരമാണെന്നും, എന്നാൽ ആദ്യ ഭാഗത്തിലെ റഫറൻസ് കടന്നു വരാമെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു വാര്യർ ചിത്രത്തിലുണ്ടാവുമെന്നും, എന്നാൽ ജയറാം, സുരേഷ് ഗോപി എന്നിവർ ഉണ്ടാവുമോ എന്നത് പറയാൻ പറ്റില്ല എന്നും സിയാദ് കോക്കർ വെളിപ്പെടുത്തി. സമ്മർ ഇൻ ബത്‌ലഹേം ഷൂട്ട് ചെയ്ത ഊട്ടിയിലെ ആ വീട്ടിലേക്കു കുറേ യുവാക്കള്‍ വന്ന് കയറുന്നതായിരിക്കും രണ്ടാം ഭാഗമെന്ന് പറഞ്ഞ സിയാദ് കോക്കർ, സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിങ് നടക്കുന്നതേയുള്ളൂ എന്നും, ഒന്നാം ഭാഗം ഇറങ്ങി 25 വർഷം തികയുന്ന അടുത്ത വർഷമായിരിക്കും രണ്ടാം ഭാഗവും റിലീസ് ചെയ്യുകയെന്നും വെളിപ്പെടുത്തി.