കഴിഞ്ഞ വർഷം ഒറ്റിറ്റി പ്ലാറ്റ്ഫോമിൽ റീലീസ് ചെയ്ത് ഏറെ പ്രശംസ നേടിയ ചിത്രമാണ് തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകൾ. സുധ കൊങ്ങര, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് നാല് കഥകൾ കൂട്ടിചേർത്തൊരുക്കിയ ഈ ആന്തോളജി ചിത്രത്തിലെ നാല് കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്. അതിൽ സുധ കൊങ്ങര ഒരുക്കിയ തങ്കം എന്ന ചിത്രം വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. കാളിദാസ് ജയറാം നായകനായ ഈ ചിത്രത്തിൽ ഒരു ട്രാൻസ്ജെന്ഡർ ആയാണ് ഈ മലയാളി നടൻ അഭിനയിച്ചത്. സത്താർ എന്നു പേരുള്ള കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ച്ചവെച്ച കാളിദാസിനു കരിയറിലെ ഏറ്റവും വലിയ പ്രശംസയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്.
എന്നാൽ ഈ കഥാപാത്രം ചെയ്യാൻ സംവിധായിക ആദ്യം പരിഗണിച്ചത് മറ്റൊരു മലയാളി യുവ താരത്തെയാണ്. ദുൽഖർ സൽമാനെ ആണ് ഈ കഥാപാത്രം ചെയ്യാൻ സുധ ആദ്യം സമീപിച്ചത് എന്നു അവർ ഒരു മാധ്യമ അഭിമുഖത്തിൽ വ്യക്തമാക്കി. ശരവണന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് സുധ കൊങ്ങര തന്നെ ആദ്യം സമീപിച്ചത് എന്നും, എന്നാൽ പിന്നീട് സത്താർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളത്തിലും തമിഴിലുമുള്ള നടന്‍മാര്‍ തയ്യാറാവാതെ വന്നപ്പോൾ ആ വേഷം തന്നെ ഏൽപ്പിക്കുകയിരുന്നു എന്നും കാളിദാസ് നേരത്തെ ഒരു മാധ്യമ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. സിനിമയൊന്നും ചെയ്യുന്നില്ല എന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് താൻ ലൊസാഞ്ചലസില്‍ എത്തിയ സമയത്താണ് തങ്കം എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചു കൊണ്ട് സുധ കൊങ്ങരയുടെ ഫോണ്‍ കോള്‍ വന്നതെന്നും കാളിദാസ് ആ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഏതായാലും ദുൽഖർ നിരസിച്ച വേഷം കാളിദാസിന് ഭാഗ്യമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.
ഫോട്ടോ കടപ്പാട്: riophotography