മൈ ലൈഫ് പാർട്ണർ എന്ന തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടനാണ് സുദേവ് നായർ. മുംബൈ മലയാളിയായ സുദേവ്, ഗുലാബ് ഗ്യാങ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറിയത്. പിന്നീട് മലയാള സിനിമയിലേക്ക് ചേക്കേറിയ സുദേവ്, ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നീട് അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്രാ, കോളേജ് ഡയറീസ് തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. ഇപ്പോഴിതാ സുദേവ്, മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കത്തിലും എത്തുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
ചരിത്ര കഥപറയുന്ന മാമാങ്കത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു പോരാളിയുടെ വേഷത്തിലാണ് സുദേവ് നായർ എത്തുക. ചിത്രത്തിൽ ആയോധന മുറകൾ വശമുള്ള ഒരു കഥാപാത്രമായി എത്തുന്നതിനാൽ തന്നെ അതിനുള്ള തീവ്ര പരിശീലനങ്ങളിലാണ് സുദേവ് ഇപ്പോൾ. ചിത്രത്തിനായി ഏതാണ്ട് ഒരു മാസത്തോളം നീണ്ട കഠിന പരിശ്രമത്തിൽ മുഴുകിയ സുദേവ്, കഥാപാത്രത്തിനായി 8 കിലോയോളം ഇതിനോടകം തന്നെ കുറച്ചു കഴിഞ്ഞു. അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം സുദേവ് എത്തുന്ന രണ്ടാമത് ചിത്രം എന്ന പ്രത്യേകത കൂടി മാമാങ്കത്തിനുണ്ട്. ആദ്യ ഷെഡ്യുൾ പൂർത്തിയാക്കിയ മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യുൾ ഇപ്പോൾ കൊച്ചിയിൽ നടക്കുകയാണ്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ഈ ചിത്രം അൻപത് കോടിയോളം മുതൽ മുടക്കിലാവും ഒരുങ്ങുക. ബോളീവുഡിൽ നിന്നും കോളീവുഡിൽ നിന്നും വലിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കാൻ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു. വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ആദ്യത്തോടെ തീയേറ്ററുകളിൽ എത്തും.