ഇന്ന് മലയാളി സിനിമാ പ്രേമികളുടെ മുഴുവൻ മനസ്സിലും ചുണ്ടിലും ഹൃദയം എന്ന ഒരു വാക്കേയുള്ളു. അത്രമാത്രം വലിയ വിജയമാണ് ഈ പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം നേടിയെടുക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകരെ മാത്രമല്ല, നിരൂപകരെ വരെ ക്ലീൻ ബൗൾഡ് ആക്കി കളഞ്ഞു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. അത്ര ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് ഓരോരുത്തരും പറയുന്നത്. സിനിമക്കൊപ്പമോ അതിനു മുകളിലോ കയ്യടി നേടുന്ന ഒരാൾ ഈ ചിത്രത്തിലുണ്ട്. അത് നായകനായ പ്രണവ് മോഹൻലാൽ ആണ്. സംവിധായകനും രചയിതാവുമായ വിനീത് ശ്രീനിവാസനും സംഗീത സംവിധായകനായ ഹിഷാം അബ്ദുൽ വഹാബിനുമോപ്പം ഈ ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്നത് പ്രണവ് ആണ്. മൂന്നു മണിക്കൂറിനു അടുത്ത് ദൈർഖ്യമുള്ള ഈ ചിത്രത്തിൽ ആദ്യം മുതൽ അവസാനം വരെ കാണാൻ കഴിയുക ഒരു പ്രണവ് ഷോ ആണ്.
കഴിഞ്ഞ ദിവസം ഈ ചിത്രം കണ്ടിറങ്ങിയ, പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകൾ ആണ് പ്രണവ് എന്ന അപ്പുവിനെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും തോന്നിയ വികാരം. ഹൃദയം കണ്ടു തന്റെ കണ്ണ് നിറഞ്ഞു എന്നും മകൻ എന്ത് ചെയ്താലും ഇഷ്ടമാവുന്ന താനെന്ന അമ്മക്ക്, ഹൃദയത്തിലെ പ്രണവിന്റെ പ്രകടനത്തിന് ഇത്രയും വലിയ അഭിപ്രായം ലഭിക്കുമ്പോൾ പ്രകടിപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ സന്തോഷമാണ് എന്നും സുചിത്ര മോഹൻലാൽ പറയുന്നു. കോമെഡിയും റൊമാൻസും വൈകാരിക രംഗങ്ങളും മാസ്സ് രംഗങ്ങളുമെല്ലാം വളരെ അനായാസമായി പ്രണവ് അവതരിപ്പിക്കുമ്പോൾ, പലപ്പോഴും മഹാനടനായ മോഹൻലാൽ എന്ന പ്രണവിന്റെ അച്ഛനെ ഓർത്തവരും ഏറെയാണ്. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ഹൃദയം കാണിച്ചു തരുന്നത്. ആ കഥാപാത്രമായി തിരശീലയിൽ ജീവിക്കാൻ പ്രണവിന് സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.