സബ് ഇൻസ്‌പെക്ടർ മണി സാറിനെ ഏറ്റെടുത്തു കേരളം; ഉണ്ടയ്ക്ക് എങ്ങും ഹൗസ്ഫുൾ ഷോസ്…!!

Advertisement

ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത ഉണ്ട എന്ന മമ്മൂട്ടി ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ആണ് നേടിയെടുക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ കേരളത്തിൽ എങ്ങും ഹൗസ്ഫുൾ ഷോകളും ആയി പ്രദർശനം തുടരുകയാണ്. വളരെ റിയലിസ്റ്റിക് ആയി പ്രേക്ഷകരുടെ മനസ്സിനെ തൊടുന്ന രീതിയിൽ ആണ് ഖാലിദ് റഹ്മാൻ ഉണ്ട അണിയിച്ചൊരുക്കിയിരിക്കുന്നതു. മമ്മൂട്ടി അടക്കമുള്ള അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിന് മുതൽ കൂട്ടായി. ഇൻസ്‌പെക്ടർ മണി സാർ ആയി മമ്മൂട്ടി ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, രഞ്ജിത്, ജേക്കബ് ഗ്രിഗറി, റോണി, ലുക്മാൻ എന്നിവരും ബോളിവുഡ് താരമായ ഭഗവാൻ തിവാരിയും മികച്ച പ്രകടനമാണ് നൽകിയിരിക്കുന്നത്. നവാഗതനായ ഹർഷാദ് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ തമിഴിലെ ജമിനി സ്റ്റുഡിയോസ് എന്നിവ ചേർന്നാണ്. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഓംകാർ ദാസ് മണിപ്പൂരി, സുധി കോപ്പ, വിനയ് ഫോർട്ട്, ആസിഫ് അലി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സജിത്ത് പുരുഷൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രശാന്ത് പിള്ളയും ഈ ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് യൂസഫും ആണ്. കേരളാ പോലീസിലെ ഒരു സംഘം പോലീസുകാരുടെ ജീവിതമാണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്‌ഗഡിലേക്കു അവർക്കു പോവേണ്ടി വരുന്നിടത്താണ് കഥ ആരംഭിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close