കേബിളിന്റെയോ റോപ്പിന്റേയോ സഹായമില്ലാതെയാണ് ഫൈറ്റ് സീനെല്ലാം വിജയ് ചെയ്തത്: സ്റ്റണ്ട് മാസ്റ്റർ പറയുന്നു

Advertisement

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‌യുടെ മാസ്റ്റർ. ചിത്രത്തിന്റെ ട്രെയിലറും പ്രൊമൊയുമെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 13 ന് പൊങ്കൽ റിലീസ് ആയി തിയറ്ററുകളിലെത്തുന്ന ചിത്രത്തിനായി ലോകമെമ്പാടുമുള്ള വിജയ് ആരാധകർ കാത്തിരിക്കുകയാണ്. ട്രെയിലറിന് പിന്നാലെ പുറത്തുവിട്ട 19 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പ്രൊമോ വീഡിയോയില്‍ വിജയ്‌യുടെ സംഘട്ടന രംഗങ്ങളും സംഭാഷണശകലങ്ങളും ഉൾപ്പെടുത്തിയിരുന്നു. സ്റ്റണ്ട് സിൽവയാണ് മാസ്റ്ററിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. എപ്പോഴുമുള്ള ബിൽഡ് അപ്പ് ഒന്നുമില്ലാതെ നോർമലായ രീതിയിലുള്ള സംഘട്ടനമാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. റോപ്പും കേബിളും ഒന്നും ഉപയോഗിക്കാതെയാണ് 95 ശതമാനത്തോളം രംഗങ്ങളും ചിത്രീകരിച്ചത്. മെട്രോ ട്രെയിൻ ഫൈറ്റ് എല്ലാം റിയൽ ആയി തന്നെയാണ് ചിത്രീകരിച്ചത്. ചാടിയുള്ള കിക്കുകളും മറ്റും വിജയ് സ്വന്തമായി ചെയ്തതാണ്. പത്ത് വർഷങ്ങൾക്ക് മുൻപുള്ള ഊർജ്ജം തന്നെയാണ് ഇപ്പോഴും സംഘട്ടന രംഗങ്ങൾ ചെയ്യുമ്പോൾ അദ്ദേഹത്തിനുള്ളതെന്നും സിൽവ പറയുന്നു.

Advertisement

50 ശതമാനം ഒരു വിജയ് ചിത്രവും 50 ശതമാനം തന്‍റെ സിനിമയും എന്ന നിലയ്ക്കാണ് മാസ്റ്ററിനെ നോക്കിക്കണ്ടതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജും വ്യക്തമാക്കിയിരുന്നു. എനിക്കൊപ്പമെത്തുമ്പോള്‍ ഒരു പുതുമ വേണമെന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വിജയ് ചിത്രങ്ങളിലെ ക്ലീഷേകളുടെ സ്ഥാനത്ത് പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അത് ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും വിജയ് സാര്‍ തന്നിരുന്നുവെന്നും മാസ്റ്ററിലെ വിജയ് കഥാപാത്രം പഞ്ച് ഡയലോഗുകള്‍ പറയുന്ന ആളല്ലെന്നും ലോകേഷ് പറയുകയുണ്ടായി. സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close