സ്റ്റാൻഡ് അപ് കോമഡി കഥ പറയാൻ ഉള്ള ഒരുപകരണം മാത്രം; സ്റ്റാൻഡ് അപ് എന്ന ചിത്രം സംസാരിക്കുന്നതു വേറെ വിഷയം എന്ന് സംവിധായിക

Advertisement

സംസ്ഥാന അവാർഡ് ജേതാവായ വിധു വിൻസെന്റ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ സ്റ്റാൻഡ് അപ് അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ പോവുകയാണ്. ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് വിധു വിൻസെന്റിന്റെ ആദ്യ ചിത്രമായ മാൻ ഹോൾ രചിച്ച ഉമേഷ് ഓമനക്കുട്ടൻ തന്നെയാണ്. നിമിഷാ സജയൻ, രെജിഷാ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് സ്റ്റാൻഡ് അപ് കോമഡി ബേസ് ചെയ്തുള്ള ഒരു ചിത്രമാണ് ഇതെന്നാണെങ്കിലും ആ കാര്യത്തിൽ ഒരു വ്യക്തത വരുത്തുകയാണ് ഇപ്പോൾ സംവിധായിക. ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് വിധു വിൻസെന്റ് ആ കാര്യം വെളിപ്പെടുത്തുന്നത്.

സ്റ്റാൻഡ് അപ് കോമഡി എന്നത് ഈ ചിത്രത്തിന്റെ കഥ പറയാൻ ഉപയോഗിച്ചിരിക്കുന്ന ഒരു ടൂൾ മാത്രം ആണെന്നും ഈ ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത് അതിൽ അല്ല എന്നും വിധു വിൻസെന്റ് പറയുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായ നിമിഷയുടെ കഥാപാത്രം ഒരു സ്റ്റാൻഡ് അപ് കോമഡി ചെയ്യുന്ന ആളാണ് എന്നത് മാറ്റിനിർത്തിയാൽ അതിലേക്കാണ് ചിത്രം കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് സംവിധായിക വ്യക്തമാക്കുന്നത്. നിമിഷ, രെജിഷ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളും അവർ ആ സാഹചര്യത്തെ എങ്ങനെ അതിജീവിക്കുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ വിഷയം എന്നും സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ ആണ് ഇതിന്റെ കഥ പറയാൻ ശ്രമിച്ചിരിക്കുന്നത് എന്നും വിധു വിൻസെന്റ് പറഞ്ഞു. മലയാളത്തിലെ ഇന്നത്തെ തലമുറയിലെ എണ്ണം പറഞ്ഞ നടിമാരിൽ രണ്ടു പേരാണ് നിമിഷയും രെജിഷയും എന്നും രണ്ടു പേർക്കും ഈ ചിത്രത്തിൽ തുല്യ പ്രാധാന്യം ആണെന്നും വിധു വിൻസെന്റ് വിശദീകരിച്ചു.

Advertisement

ഫോട്ടോ കടപ്പാട്: Anuraj Rs Pappu

Advertisement

Copyright © 2017 onlookersmedia.

Press ESC to close