ഓസ്കാർ നേടിയ കൊറിയൻ ചിത്രം പാരസൈറ്റ് ഇഷ്ടപ്പെട്ടില്ല, പകുതി ആയപ്പോൾ ഉറക്കം വന്നു: രാജമൗലി..!

Advertisement

ഈ കഴിഞ്ഞ ഓസ്കാർ അവാർഡിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു കൊറിയൻ ചിത്രമായ പാരസൈറ്റ് മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയെടുത്തത്. ബോങ് ജൂൺ ഹോ സംവിധാനം ചെയ്ത ഈ ചിത്രം അത് കൂടാതെ മൂന്നു ഓസ്കാർ അവാർഡുകൾ കൂടി നേടിയെടുത്തു. ഒരു ഏഷ്യൻ ചിത്രം ഓസ്കാർ അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടിയത് ചരിത്രമായി മാറി. ചിത്രം കണ്ട പ്രേക്ഷകരും നിരൂപകരുമെല്ലാം ചിത്രത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. പക്ഷെ ഇന്ത്യൻ സിനിമയിലെ വമ്പൻ സംവിധായകനായ എസ് എസ് രാജമൗലി അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ പറഞ്ഞത് തനിക്കു ഈ ചിത്രം ഇഷ്ടപ്പെട്ടില്ല എന്നാണ്. ചിത്രം കാണാനിരുന്ന തനിക്കു പകുതി ആയപ്പോഴേക്കും ഉറക്കം വന്നു എന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒട്ടേറെ ചിത്രങ്ങളെ പുകഴ്ത്തി മുന്നോട്ടു വരാറുള്ള രാജമൗലിയിൽ നിന്ന് പാരസൈറ്റിനെ കുറിച്ച് ഇങ്ങനെ ഒരഭിപ്രായം ഞെട്ടലോടെ തന്നെയാണ് ആരാധകരും സിനിമാ പ്രേമികളും കേട്ടത് എന്ന് പറയാം.

തെലുങ്കിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള എസ് എസ് രാജമൗലിയുടെ ബാഹുബലി സീരിസ് ലോകം മുഴുവൻ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് രൗദ്രം രണം രുധിരം. ജൂനിയർ എൻ ടി ആർ, റാം ചരൺ, അജയ് ദേവ്ഗൺ തുടങ്ങി വമ്പൻ താരനിര അഭിനയിക്കുന്ന ഈ ചിത്രവും ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് ഒരുക്കുന്നത്. ഇപ്പോൾ ലോക്ക് ഡൗണായതിനാൽ ഷൂട്ടിങ്ങിനു ഇടവേള നൽകിയിരിക്കുന്ന രാജമൗലി ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷം മഹേഷ് ബാബു നായകനാവുന്ന ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണ് ഒരുക്കാൻ പോകുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close