ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാണ് ഇപ്പോൾ തെലുങ്കിലെ സൂപ്പർ ഡയറക്ടർ എസ് എസ് രാജമൗലി. ബാഹുബലി സീരിസ്, ആർ ആർ ആർ എന്നിവ നേടിയ മഹാവിജയങ്ങളാണ് എസ് എസ് രാജമൗലിയെ ഈ ലെവലിൽ എത്തിച്ചത്. ഇപ്പോൾ മഹേഷ് ബാബുവിനെ നായകനാക്കി ഒരു പാൻ വേൾഡ് ഗ്ലോബൽ ആക്ഷൻ അഡ്വെഞ്ചർ ചിത്രം ഒരുക്കാനുള്ള തയ്യറെടുപ്പിലാണ് അദ്ദേഹം. അടുത്ത വർഷം ഈ മെഗാ ബഡ്ജറ്റ് ചിത്രം ആരംഭിക്കുമെന്നാണ് സൂചന. ആമസോൺ വനാന്തരങ്ങളിൽ നടക്കുന്ന ഒരു ആക്ഷൻ കഥയാണ് ഈ ചിത്രം പറയുന്നതെന്നും രാജമൗലിയുടെ പിതാവും ബാഹുബലി, ആർ ആർ ആർ ചിത്രങ്ങളുടെ രചയിതാവുമായ വിജയേന്ദ്ര പ്രസാദ് തന്നെയാണ് ഈ ചിത്രവും രചിക്കുന്നതെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ എസ് എസ് രാജമൗലി ഹോളിവുഡിലേക്ക് ചുവടു വെക്കാനുള്ള ഒരുക്കത്തിലാണെന്ന വാർത്തകളാണ് വരുന്നത്.
അമേരിക്കയിലുള്ള പ്രശസ്ത എന്റർടൈൻമെന്റ് ആൻഡ് സ്പോർട്സ് ഏജൻസിയായ ക്രിയേറ്റിവ് ആർട്ടിസ്റ്റ് ഏജൻസിയുമായി എസ് എസ് രാജമൗലി കരാർ ഒപ്പിട്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഡെഡ്‌ലൈനാണ് ഈ കാര്യം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഹോളിവുഡിലെ സൂപ്പർ സംവിധായകരായ സ്റ്റീവൻ സ്പീൽബർഗ്, ടോം ഹാങ്ക്സ്, സെൻഡായ, റീസ് വിതർസ്പൂൺ എന്നിവരൊക്കെ ക്രിയേറ്റിവ് ആർട്ടിസ്റ്റ് ഏജൻസിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ആർ ആർ ആറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് എസ് എസ് രാജമൗലി. ഈ ചിത്രത്തിന്റെ മഹാവിജയമാണ് അദ്ദേഹത്തിന് ഹോളിവുഡിലേക്ക് വഴിതുറന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവർ വേഷമിട്ട ഈ ചിത്രം ആയിരം കോടി ക്ലബിൽ ഇടം പിടിച്ച ഇന്ത്യൻ ചിത്രമാണ്.