കോടതിയിൽ പോയി വാദിച്ച കഥ; മമ്മൂട്ടിയുടെ ജീവിതത്തിലെ വക്കീൽ വേഷത്തെ കുറിച്ച് വെളിപ്പെടുത്തി ശ്രീനിവാസൻ..!

Advertisement

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി വെള്ളിത്തിരയിൽ ഒത്തിരി വക്കീൽ, പോലീസ് വേഷങ്ങൾ കെട്ടിയാടി നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ്. പ്രത്യേകിച്ചും മമ്മൂട്ടിയുടെ വക്കീൽ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും നമ്മുക്ക് പ്രീയപെട്ടവയുമാണ്. ഒരു അഭിഭാഷകന്റെ കേസ് ഡയറിയിലെ അനിയൻ കുരുവിളയും, നരസിംഹത്തിലെ അതിഥി വേഷമായ നന്ദഗോപാൽ മാരാരും, ട്വന്റി ട്വൻറിയിലെ രമേശ് നമ്പ്യാരും അടിക്കുറിപ്പിലെ ഭാസ്കര പിള്ളയും തുടങ്ങി മമ്മൂട്ടിയുടേതായി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന വക്കീൽ കഥാപാത്രങ്ങളേറെ. യഥാർത്ഥ ജീവിതത്തിലും വക്കീൽ പഠനം പൂർത്തിയാക്കിയ ആളാണ് മമ്മൂട്ടിയെന്നും ഒരുവിധം എല്ലാ പ്രേക്ഷകർക്കും അറിയാവുന്ന കാര്യമാണ്. എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബി പഠനം പൂർത്തിയാക്കിയ മമ്മൂട്ടി മഞ്ചേരിയിൽ രണ്ടു വർഷം വക്കീലായി പ്രാക്ടീസും ചെയ്തിട്ടുണ്ട്. അതിനു ശേഷമാണു അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോഴത്തെ രസകരമായ ഒരു കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടനും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും കൂടിയായ ശ്രീനിവാസൻ.

അന്ന് മമ്മൂട്ടി ഒരു കേസ് വാദിച്ചു എന്നും പക്ഷെ തന്റെ കക്ഷിയെ രക്ഷിക്കുന്നതിന് പകരം അയാൾക്ക്‌ മൂന്നു വർഷത്തെ ജയിൽ ശിക്ഷയാണ് മമ്മൂട്ടി മേടിച്ചു കൊടുത്തത് എന്നുമാണ് ശ്രീനിവാസൻ രസകരമായി പറയുന്നത്. സൈക്കിളിൽ ഡബിൾസ് വെച്ചതിനു ആണ് അയാളെ പോലീസ് അറസ്റ്റ് ചെയ്തത് എന്നും പക്ഷെ കേസ് വാദിച്ച മമ്മൂട്ടി കോടതിൽ പറഞ്ഞത് അയാൾ ഡബിൾസ് വെച്ചു എന്ന വാദം തെറ്റാണെന്നും അയാൾ ട്രിപ്പിൾസ് ആണ് വെച്ചതെന്നുമാണ്. പറഞ്ഞ അബദ്ധം മനസ്സിലായപ്പോഴേക്കും മമ്മൂട്ടി അത് മാറ്റി പറയാൻ ശ്രമിച്ചെങ്കിലും കോടതിക്ക് കാര്യം മനസ്സിലായത് കൊണ്ട് കൂടുതൽ വാദിക്കാൻ അനുവദിച്ചില്ല എന്നും ശ്രീനിവാസൻ പറയുന്നു. മഞ്ചേരി സ്വദേശിയായ അന്നത്തെ ആ കക്ഷിയുടെ ഫോൺ നമ്പർ വരെ ഇപ്പോഴും തന്റെ കയ്യിലുണ്ടെന്നും ശ്രീനിവാസൻ പറയുന്നു. ഏതായാലും ശ്രീനിവാസൻ മമ്മൂട്ടിയുടെ വക്കീൽ കഥ രസകരമാക്കി വെറുതെ പറഞ്ഞതാണോ അതോ അത് തന്നെയാണോ സത്യം എന്നത് മമ്മൂട്ടിക്കും ശ്രീനിവാസനും മാത്രമറിയാവുന്ന കാര്യമാണെന്നു ചില ആരാധകരും പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close