![](https://i0.wp.com/onlookersmedia.com/wp-content/uploads/2017/11/sreenivasan.jpg?fit=1024%2C592&ssl=1)
നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ആളാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ.
ഒരിടവേളയ്ക്ക് ശേഷം ഒരു പുതുമുഖ സംവിധായകന് വേണ്ടി തിരക്കഥ എഴുതാനൊരുങ്ങുകയാണ് അദ്ദേഹം. പ്രമുഖ പരസ്യ സംവിധായകനായ വി.ജെ. സ്റ്റാജന് വേണ്ടിയാണ് കുടുംബബന്ധങ്ങൾ പശ്ചാത്തലമാക്കിയ കഥ ശ്രീനിവാസൻ എഴുതുന്നത്. പ്രമുഖ ബ്രാൻഡുകൾക്കായി 150 ൽ അധികം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് സ്റ്റാജൻ . സന്ദേശം, വടക്കു നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, മറവത്തൂര്‍ കനവ്, ഉദയനാണ് താരം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടിയാണ് ഇതിന് മുൻപ് ശ്രീനിവാസൻ തൂലിക ചലിപ്പിച്ചിട്ടുള്ളത്.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായ സത്യൻ അന്തിക്കാടിന് വേണ്ടിയാണ് ശ്രീനിവാസൻ ഇപ്പോൾ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നത്. ഇതിന് ശേഷമാകും വി.ജെ. സ്റ്റാജന് വേണ്ടി എഴുതുന്ന തിരക്കുകളിലേക്ക് കടക്കുക. സ്വതസിദ്ധമായ നർമ്മവും സാമൂഹ്യ വിമർശനവും ഇടകലർത്തി എഴുതുന്നതാണ് ശ്രീനിവാസന്റെ രീതി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മൂന്ന് യുവതാരങ്ങളുടെയും മറ്റു അഭിനേതാക്കളുടെയും താരനിർണയം നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷം മദ്ധ്യത്തോടെ തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന.