പ്രതീക്ഷിച്ചതിലും വേഗത്തിൽ അത് സംഭവിക്കുന്നു; ശ്രീനിവാസൻ പഴയ ശ്രീനിയാവുന്നു: സത്യൻ അന്തിക്കാട്

Advertisement

മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട നടനും സംവിധായകനും രചയിതാവുമാണ് ശ്രീനിവാസൻ. ഒട്ടേറെ ക്ലാസിക് ചിത്രങ്ങൾ രചിച്ച ശ്രീനിവാസൻ കഴിഞ്ഞ കുറെ നാളുകളായി രോഗശയ്യയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം അതിൽ നിന്ന് സുഖം പ്രാപിച്ചു കൊണ്ട് സിനിമാ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. അദ്ദേഹത്തിന്റെ മകൻ വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് തിരിച്ചെത്തുന്നത്. ഇത് കൂടാതെ മോഹൻലാൽ നായകനായ ഒരു സത്യൻ അന്തിക്കാട് ചിത്രം രചിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് ശ്രീനിവാസൻ. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടിൽ ഒന്നാണ് മോഹൻലാൽ- ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ടീം. ഇപ്പോഴിതാ കുറുക്കൻ എന്ന ചിത്രത്തിന്റെ സെറ്റിൽ ശ്രീനിവാസനെ സന്ദർശിച്ച സത്യൻ അന്തിക്കാട് കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ, “മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-
“ഞാൻ രോഗശയ്യയിലായിരുന്നു.
അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.”
ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,
“ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും”. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു.
രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന’കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.
സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു
.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close