പട്ടണപ്രവേശത്തിൽ പ്രഭാകരൻ വന്നതെങ്ങനെ; കാരണം വെളിപ്പെടുത്തി ശ്രീനിവാസൻ..!

Advertisement

മോഹൻലാൽ- ശ്രീനിവാസൻ ടീം ഒരുമിച്ച 1988 ലെ ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ് പട്ടണ പ്രവേശം. ശ്രീനിവാസൻ രചിച്ചു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം ഈ ടീമിന്റെ തന്നെ 1987 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗമാണ്. ആദ്യ ഭാഗത്തിൽ പ്രത്യക്ഷപ്പെട്ട പ്രധാന വില്ലൻ തിലകന്റെ അനന്തൻ നമ്പ്യാർ ആയിരുന്നെങ്കിൽ രണ്ടാമത്തെ ഭാഗത്തിലെ വില്ലൻ കരമന ജനാർദ്ദനൻ നായർ അവതരിപ്പിച്ച പ്രഭാകരൻ ആയിരുന്നു. അതിൽ തിലകന്റെ അനന്തൻ നമ്പ്യാരും കരമനയുടെ പ്രഭാകരനും തമ്മിലുള്ള സംഭാഷണങ്ങൾ ഏറെ രസകരമായിരുന്നു എന്ന് മാത്രമല്ല ആ രംഗങ്ങൾ ഇന്നും മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട ഹാസ്യ രംഗങ്ങളാണ്. ഇപ്പോൾ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ ചിത്രത്തിൽ ഒരു നായക്ക് പ്രഭാകരൻ എന്ന പേരിട്ടതും അതിനെ തുടർന്ന് തമിഴിലെ ചില ആക്ടിവിസ്റ്റുകൾ ഉണ്ടാക്കിയ ചില പ്രശ്നങ്ങളും പട്ടണ പ്രവേശത്തിലെ പ്രഭാകരൻ എന്ന വില്ലനേയും അതുപോലെ ആ കോമഡി രംഗങ്ങളേയും ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ്. സിനിമയിലെ അധോലോക നായകനായ പ്രധാന വില്ലന് പ്രഭാകരൻ എന്ന പേരിട്ടതെങ്ങനെയെന്നു വെളിപ്പെടുത്തുകയാണ് ഇപ്പോൾ ശ്രീനിവാസൻ.

ഒരു കള്ളക്കടത്തുകാരനു വളരെ സാധാരണമായ, ഒരു ലോക്കൽ പേര് നൽകുക എന്ന ചിന്തയിൽ നിന്നാണ് പ്രഭാകരൻ എന്ന പേര് ആ കഥാപാത്രത്തിന് നൽകിയത് എന്നാണ് ശ്രീനിവാസൻ പറയുന്നത്. പ്രഭാകരൻ എന്നത് കേരളത്തിലെ വളരെ സാധാരണമായ ഒരു പേരാണ് എന്നതും അതിനു കാരണമായി. പക്ഷെ അങ്ങനെ ഒരു സാധാരണ പേര് ആരും കള്ളക്കടത്തുകാർക്കു സിനിമയിൽ ഉപയോഗിക്കാറില്ല എന്നതും ആ പേര് ഇടാൻ കാരണമായിരുന്നു. എന്നാൽ ഇന്ന് ആ പേര് വിവാദമാക്കിയവർ പറയുന്നത് പോലെ, അന്ന് ആ പേര് ഇടുമ്പോൾ വേലുപ്പിള്ള പ്രഭാകരൻ എന്ന തമിഴ് നേതാവിനെ കുറിച്ചൊന്നും തങ്ങൾ ചിന്തിച്ചിട്ട് പോലുമില്ല എന്നും, മാത്രമല്ല അന്ന് വേലുപ്പിള്ള പ്രഭാകരനെ കുറിച്ച് തങ്ങൾക്കു അറിയുക പോലുമില്ല എന്നുമാണ് ശ്രീനിവാസൻ പറയുന്നത്. വരനെ ആവശ്യമുണ്ടിൽ സുരേഷ് ഗോപി കഥാപാത്രം തന്റെ നായയെ പ്രഭാകരാ എന്ന് വിളിക്കുന്നത് വേലുപ്പിള്ള പ്രഭാകരന്റെ പേരിനെ അപമാനിക്കലാണ് എന്ന വിവാദം ഉണ്ടാവുകയും ചിത്രത്തിന്റെ നിർമ്മാതാവായ ദുൽഖറിന് അതിന്റെ പേരിൽ മാപ്പു പറയേണ്ടി വരികയും ചെയ്തിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close