ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനാവുന്നു. ആശീർവാദ് സിനിമാസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് ആദ്യം വാർത്തകൾ വന്നതെങ്കിലും, ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആവും ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുക.
റോഷൻ ആൻഡ്രൂസ്-നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷത്തിനു ശേഷം ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത് ജിത്തു മാധവൻ ചിത്രത്തിലൂടെ ആയിരിക്കും. ഗോകുലം നിർമ്മിക്കുന്ന ദിലീപ്- ധനഞ്ജയ് ശങ്കർ ചിതമായ ഭ.ഭ.ബ യിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുമെന്നും വാർത്തകൾ വരുന്നുണ്ട്.
ജിത്തു മാധവൻ ഒരുക്കാൻ പോകുന്ന മോഹൻലാൽ ചിത്രം അടുത്ത വർഷം ജൂലൈ മാസത്തോടെ ആരംഭിക്കും എന്നാണ് സൂചന. ജിത്തുവിന്റെ മുൻ ചിത്രങ്ങളെ പോലെ ബാംഗ്ലൂർ പശ്‌ചാത്തലമാക്കിയാണ് ഈ ചിത്രവും കഥ പറയുക എന്നും 140 ദിവസത്തോളമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നുമാണ് അറിയാൻ സാധിക്കുന്നത്. ആക്ഷൻ, കോമഡി എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുകയെന്നും വാർത്തകൾ പറയുന്നു.
സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഉണ്ണി പാലോട് ആയിരിക്കും. വസ്ത്രാലങ്കാരം മഷർ ഹംസ. ഇപ്പോൾ മുംബൈയിൽ ഋഷഭ എന്ന തെലുങ്ക് ചിത്രത്തിൽ വേഷമിടുന്ന മോഹൻലാൽ അതിനു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവത്തിലാണ് ജോയിൻ ചെയ്യുക. ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പൂർത്തിയാക്കി കഴിഞ്ഞാവും ജിത്തു മാധവൻ ചിത്രത്തിലേക്ക് കടക്കുകയെന്നാണ് സൂചന.