ഇത് പഴയ റെയ്ബാൻ ഗ്ലാസ്സല്ല, പുതു പുത്തൻ റെയ്ബാൻ ഗ്ലാസ്; സ്ഫടികം 2 ആയി മുന്നോട്ടെന്നു സംവിധായകൻ..!

Advertisement

താര ചക്രവർത്തി മോഹൻലാൽ നായകനായി 1995 ഇൽ റിലീസ് ചെയ്ത ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം ആ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി എന്ന് മാത്രമല്ല മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടി കൊടുത്തു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ആക്ഷൻ കഥാപാത്രമായി മാറി ആട് തോമ എന്ന മോഹൻലാലിന്റെ തോമസ് ചാക്കോ. ചിത്രത്തിലെ ഓരോ ഡയലോഗുകളും രംഗങ്ങളും ഇന്നും മലയാള സിനിമാ പ്രേക്ഷകരുടെ പ്രീയപെട്ടതാണ്. ഒരു തരത്തിൽ പറഞ്ഞാൽ ആട് തോമയെ വെല്ലുന്ന ഒരു മാസ്സ് കഥാപാത്രം പിന്നീട് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. അപ്പോഴാണ് ബിജു ജെ കട്ടക്കൽ എന്ന സംവിധായകൻ താൻ സ്ഫടികം 2 എന്ന ചിത്രമൊരുക്കാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു രംഗത്ത് വന്നത്.

എന്നാൽ ചിത്രത്തിന്റെ പൂർണ്ണ അവകാശം രചയിതാവും സംവിധായകനുമായ തനിക്കും നിർമ്മാതാവ് ഗുഡ് നൈറ്റ് മോഹനുമാണെന്നും തങ്ങളുടെ അനുവാദം ഇല്ലാതെ സ്ഫടികത്തിനു ഒരു രണ്ടാം ഭാഗം ഒരുക്കാൻ പറ്റില്ലെന്നും സംവിധായകൻ ഭദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതെന്റെ റെയ്ബാൻ ഗ്ലാസ്, ഇതിൽ എങ്ങാനും നീ തൊട്ടാൽ എന്ന മാസ്സ് മറുപടിയുമായാണ് ഭദ്രൻ എത്തിയത്. എന്നാൽ സ്ഫടികം 2 ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ബിജു പിന്തിരിയാൻ ഒരുക്കമല്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. തോൽപ്പിക്കും എന്ന് പറയുന്നിടത്തു ജയിക്കാൻ ആണ് തനിക്കിഷ്ടം എന്നും ആ പഴയ റെയ്ബാൻ ഗ്ലാസ് അങ്ങനെ തന്നെ ഇരിക്കട്ടെ എന്നും ഇത് തന്റെ പുതിയ റെയ്ബാൻ ഗ്ലാസ് ആണെന്നും ഇതിൽ ആരുടേയും നിഴൽ വേണ്ട എന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിക്കുന്നു. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഇരുമ്പൻ സണ്ണി ആയി മലയാളത്തിലെ ഒരു യുവ സൂപ്പർ താരം ആണ് എത്തുന്നത് എന്നാണ് സംവിധായകൻ പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close