ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന ചിന്ത പൊളിയുകയാണ് എന്ന് പറഞ്ഞു കൊണ്ട് ബോളിവുഡിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ മെഗാ സ്റ്റാർ ആയ ചിരഞ്ജീവി. ബാഹുബലിയാണ് ആ മിഥ്യാധാരണ തിരുത്തി എഴുതിയത് എന്നും, ഇപ്പോൾ ആർ ആർ ആർ, പുഷ്പ, കെ ജി എഫ് തുടങ്ങിയ ചിത്രങ്ങൾ ഹിന്ദിയിലും തരംഗമായി എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി സിനിമയും പ്രാദേശിക സിനിമയും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന വേർതിരിവ് തിരുത്തിയെഴുതിയത് രാജമൗലിയുടെ ബാഹുബലി ആണെന്ന് അദ്ദേഹം പറയുന്നു. അതോടൊപ്പം 1989 ഇൽ തനിക്കു ഡൽഹിയിലെ അവാർഡ് ദാന ചടങ്ങിൽ നിന്നും നേരിട്ട തിക്താനുഭവവും അദ്ദേഹം വെളിപ്പെടുത്തി. 1989 ഇൽ തന്റെ സിനിമക്ക് ലഭിച്ച നർഗീസ് ദത് അവാർഡ് വാങ്ങാൻ ആണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്.
അവിടെ ഇന്ത്യൻ സിനിമയുടെ ചരിത്രം ആലേഖനം ചെയ്ത തൂണുകളിൽ എം ജി ആർ, പ്രേം നസീർ, ജയലളിത എന്നിവരൊഴികെയുള്ള മറ്റൊരു തെന്നിന്ത്യൻ സിനിമാ ഇതിഹാസങ്ങളുടെയും ചിത്രം ഉണ്ടായിരുന്നില്ല എന്നും, അവിടെയും ബോളിവുഡ് താരങ്ങളുടെ ചിത്രമായിരുന്നു കൂടുതലെന്നും അദ്ദേഹം പറയുന്നു. ഹിന്ദി മാത്രമാണ് ഇന്ത്യൻ സിനിമ എന്ന കാഴ്ചപ്പാട് ആണ് താൻ അവിടെ കണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എൻ ടി രാമ റാവു, നാഗേശ്വര റാവു, ശിവാജി ഗണേശൻ എന്നിവരുടെ ചിത്രങ്ങളൊന്നും അവിടെ ഉണ്ടായിരുന്നല്ല എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ആചാര്യയുടെ റിലീസുമായി ബന്ധപെട്ടു നടന്ന പ്രൊമോഷണൽ ചടങ്ങിലാണ് അദ്ദേഹം ബോളിവുഡിനെതിരെ രോഷാകുലനായത്. അദ്ദേഹത്തിന്റെ മകനും ആചാര്യയിലെ സഹതാരവുമായി റാം ചരൺ അടക്കം ചടങ്ങിൽ സംബന്ധിച്ചിരുന്നു.