ബോളിവുഡിനെ വിമര്ശിച്ചു എന്നും രംഗത്തു വരാറുള്ള സംവിധായകൻ ആണ് റാം ഗോപാൽ വർമ്മ. തെന്നിന്ത്യൻ സിനിമകൾ പുലർത്തുന്ന നിലവാരവും, തെന്നിന്ത്യൻ താരങ്ങൾ സിനിമയോട് കാണിക്കുന്ന ആത്മാർത്ഥതയും ബോളിവൂഡിനില്ല എന്നത് തുറന്നു പറഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം. ഇപ്പോഴിതാ ഒരിക്കൽ കൂടി ബോളിവുഡിനെതിരെ ആഞ്ഞടിച്ചു രംഗത്ത് വന്നിരിക്കുകയാണ് റാം ഗോപാൽ വർമ്മ. സൂപ്പർഹിറ്റ് തെന്നിന്ത്യൻ സിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നത് പാഴ്ചെലവാണെന്നും അതിന് ഏറ്റവും വലിയ തെളിവ് ആണ് അടുത്തിടെ റിലീസ് ചെയ്ത ഷാഹിദ് കപൂർ ചിത്രമായ ജേഴ്സിയുടെ കളക്ഷൻ എന്നും റാം ഗോപാൽ വർമ്മ പറയുന്നു. ഒരു ഹിറ്റ് ചിത്രമൊരുക്കാൻ ബോളിവുഡ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ബോളിവുഡ് പ്രേക്ഷകർ മറ്റു ഭാഷകളിലെ ചിത്രങ്ങളും ആസ്വദിച്ചു തുടങ്ങി എന്നും അതുകൊണ്ട് തന്നെ തെലുങ്കു, കന്നഡ ചിത്രങ്ങൾ ഹിന്ദിയിലേക്ക് റീമേക് ചെയ്യുന്നത് കൊണ്ട് ഒരു ഗുണവും ഇല്ലെന്നും അദ്ദേഹം പറയുന്നു.
തെന്നിന്ത്യൻ സിനിമാലോകം ബോളിവുഡിനെ കോവിഡ് വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണ് എന്നും, അത്കൊണ്ട് തന്നെ ഒരു വാക്സീൻ കണ്ടുപിടിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറയുന്നു. നാനിയുടെ ജഴ്‌സി തെലുങ്കിൽനിന്ന് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്‌താൽ നിർമാതാക്കൾക്ക് ആകെ വരുന്ന ചെലവ് വെറും പത്തു ലക്ഷം ആണെന്നും, എന്നാൽ ഇപ്പോൾ അത് റീമേക് ചെയ്തപ്പോൾ വന്നത് നൂറു കോടിയുടെ ചെലവ് ആണെന്നും റാം ഗോപാൽ വർമ്മ പറയുന്നു. ഒരുപാട് പണവും സമയവും അധ്വാനവും വെറുതെ പാഴാക്കിക്കളഞ്ഞ ഒരു വർക്കായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുഷ്പ, ആർആർആർ, കെജിഎഫ് ചാപ്റ്റർ 2 തുടങ്ങിയ ചിത്രങ്ങളുടെ വലിയ വിജയങ്ങൾക്ക് ശേഷം, നല്ല ഉള്ളടക്കമുള്ള തെന്നിന്ത്യൻ ചിത്രങ്ങൾ ഹിന്ദി പ്രേക്ഷകരും കണ്ടു തുടങ്ങി എന്നും, അത്കൊണ്ട് ഇനി ഇങ്ങോട്ട് ഒന്നും റീമേക് ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.