പ്രശസ്ത നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ സൗബിൻ ഷാഹിറിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ജിന്ന്. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തടഞ്ഞു കൊണ്ട് ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. ജിന്ന് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്ന സിനിമാ നിര്‍മ്മാണ കമ്പനിയായ സ്‌ട്രെയ്റ്റ് ലൈനിനെതിരെ കാര്‍ത്തി നായകനായ തമിഴ് ചിത്രം കൈദിയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി വന്നിരിക്കുന്നത്. കൈദി എന്ന സൂപ്പർ ഹിറ്റ് ചിത്രം കഴിഞ്ഞ വർഷം ദീപാവലിക്ക് കേരളത്തിൽ വിതരണം ചെയ്തത് സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസായിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കുന്നില്ലെന്ന് കാണിച്ചാണ് ഡ്രീം വാരിയര്‍ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോൾ വന്ന ഈ വിധി സമ്പാദിച്ചതും. കാർത്തി, നരെയ്ൻ എന്നിവരഭിനയിച്ച കൈദി വന്‍ വിജയം നേടിയ ചിത്രമായിരുന്നു. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ലാഭ വിഹിതം നല്‍കാന്‍ സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസ് കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിച്ചതെന്ന് ഡ്രീം വാരിയര്‍ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.
സൗബിന്‍ ഷാഹിറും നിമിഷാ സജയനുമാണ് ജിന്ന് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ക്കു ജീവൻ നൽകുന്നത്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് ജിന്ന്. ഇതിനു മുൻപ് നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. രാജേഷ് ഗോപിനാഥ് തിരക്കഥ രചിച്ചിരിക്കുന്ന ജിന്നിന് വേണ്ടി ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. പ്രശാന്ത് പിള്ള സംഗീതവും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗും നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.