വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് പണം ലഭിക്കുന്നത് പോലും ഏറെ വൈകി; ഇതിൽ കൂടുതൽ ഒന്നും ചോദിക്കരുത്; വികാരഭരിതനായി സുരേഷ് ഗോപി..!

Advertisement

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഒരു വലിയ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ ചിത്രമാണ് കഴിഞ്ഞ വർഷം റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി ഒരുക്കിയ ഈ ചിത്രം ദുൽഖർ സൽമാൻ തന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ആദ്യ ചിത്രവുമാണ്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിലെ പ്രകടനം സുരേഷ് ഗോപിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ, താൻ ഈ ചിത്രം കമ്മിറ്റ് ചെയ്തു അഭിനയിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഈ ചിത്രത്തിൽ നിന്നും തന്നെ ഒഴിവാക്കാൻ ചിലർ ശ്രമിച്ചിരുന്നു എന്നും താൻ പിൻവാങ്ങാൻ തീരുമാനിച്ചത് ആണെന്നും സുരേഷ് ഗോപി വെളിപ്പെടുത്തുന്നു. എന്നാൽ സംവിധായകൻ ആയ അനൂപ് സത്യൻ നിർബന്ധിച്ചത് കൊണ്ടും, താൻ ഇല്ലാതെ ഈ ചിത്രം ചെയ്യില്ല എന്ന് അനൂപ് വാശി പിടിച്ചത് കൊണ്ടുമാണ് പിന്നീട് താനതിൽ അഭിനയിക്കാൻ തയ്യാറായതെന്നും സുരേഷ് ഗോപി പറയുന്നു.

തനിക്കു ആ ചിത്രത്തിൽ അഭിനയിക്കാൻ അഡ്വാൻസ് പോലും തന്നില്ല എന്നും ഒരു അഡ്വാൻസ് പോലെ പതിനായിരം രൂപ കയ്യിൽ വെച്ച് തന്നത് സംവിധായകൻ അനൂപ് ആണെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ചിത്രത്തിൽ തന്റെ ആദ്യ രണ്ടോ മൂന്നോ ഡേറ്റ് ഷെഡ്യൂളുകൾ കഴിഞ്ഞതിനു ശേഷമാണു തനിക്കു ആദ്യത്തെ പേയ്‌മെന്റ് പോലും കിട്ടിയത് എന്നും ഇത്രയും വർഷത്തെ തന്റെ സിനിമാ ജീവിതത്തിൽ ഇത് ആദ്യത്തെ അനുഭവം ആണെന്നും സുരേഷ് ഗോപി പറയുന്നു. വളരെ വേദന ഉണ്ടാക്കിയ അനുഭവം ആണ് അതെന്നും അതിനെക്കുറിച്ചു കൂടുതൽ ഒന്നും തന്നോട് ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മനോരമക്ക് നൽകിയ അഭിമുഖത്തിൽ വളരെ വികാരഭരിതനായി, കണ്ണുകൾ നിറഞ്ഞു തുളുമ്പിക്കൊണ്ടാണ് സുരേഷ് ഗോപി ഈ കാര്യം വെളിപ്പെടുത്തിയത്. താൻ അഭിനയിച്ച കാവൽ എന്ന ചിത്രം നടക്കരുതെന്നു ആഗ്രഹിച്ചും ചിലർ പ്രവർത്തിച്ചു എന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close