ട്രോളിയവർ വാഴ്ത്തുന്നു; പ്രളയ ബാധിതർക്ക് വേണ്ടി കടലിന്റെ മക്കൾക്കൊപ്പം കൈ മെയ് മറന്നു മേജർ രവിയും..!

Advertisement

ഒരുപക്ഷെ കഴിഞ്ഞ ഒന്ന് രണ്ടു വർഷത്തിനിടയിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഏറ്റവുമധികം ട്രോളുകൾ ഏറ്റു വാങ്ങിയ സിനിമക്കാരിൽ ഒരാൾ ആയിരുന്നു മേജർ രവി എന്ന സംവിധായകൻ. അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ നിലപാടുകളോട് എതിർപ്പുള്ളവരും അദ്ദേഹത്തിന്റെ ചിത്രങ്ങളോട് വിമുഖത പുലർത്തുന്നവരും എല്ലാം ചേർന്ന് അദ്ദേഹത്തെ മത്സരിച്ചു തന്നെ ട്രോൾ ചെയ്തു. എന്നാൽ ഇപ്പോഴിതാ ആ ട്രോൾ ചെയ്തവരെ കൊണ്ട് തന്നെ തനിക്കു വേണ്ടി കയ്യടിപ്പിച്ചിരിക്കുകയാണ് മേജർ രവി എന്ന മനുഷ്യ സ്‌നേഹി. കേരളത്തെ ഗ്രസിച്ച പ്രളയ ദുരന്തത്തിൽ നിന്ന് നമ്മൾ കര കയറി വരുന്നതേ ഉള്ളു. ഒട്ടേറെ രക്ഷാ പ്രവർത്തകരും സുമനസ്സുകളും ഒരുമിച്ചു നിന്ന് പ്രവർത്തിച്ചത് കൊണ്ടാണ് ഒരു വലിയ ദുരന്തത്തിൽ നിന്ന് നമ്മൾ അതിജീവിച്ചു മുന്നോട്ടു വന്നത്. പ്രളയം ഉണ്ടായ അന്ന് മുതൽ മേജർ രവി ആ പഴയ പട്ടാളക്കാരൻ ആയി മാറി.

കടലിന്റെ മക്കൾക്കൊപ്പവും തന്റെ മറ്റു സഹചാരികൾക്കൊപ്പവും ബോട്ടുകളിൽ നടന്നു അദ്ദേഹം ഒട്ടേറെ പേരെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി. ഊണും ഉറക്കവും ഇല്ലാതെ കൈ മെയ് മറന്നാണ് മേജർ രവി എന്ന മനുഷ്യനും പട്ടാളക്കാരനും ഈ ദുരിത സമയത്തു കേരളാ ജനതയ്ക്ക് ഒപ്പം നിന്നതു. ഇന്ത്യൻ ആർമി കേരളത്തിലെ ജനങ്ങളെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റുമ്പോൾ ഒപ്പം ഈ പഴയ പട്ടാളക്കാരനും ഉണ്ടായിരുന്നു തന്നാലാവുന്നതു ചെയ്തു കൊണ്ട്. നെഞ്ചോപ്പം വെള്ളത്തിൽ അദ്ദേഹം പ്രായം മറന്നു കൊണ്ട് രക്ഷാപ്രവർത്തകർക്കു ഒപ്പം കൂടി. മാത്രമല്ല മോഹൻലാലും അദ്ദേഹവും ചേർന്ന് നടത്തുന്ന വിശ്വശാന്തി എന്ന ചാരിറ്റി സംഘടനയുടെ പേരിൽ ഒട്ടേറെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ഭക്ഷണവും വെള്ളവും എത്തിച്ചത്. ഏതായാലും ഈ പഴയ പട്ടാളക്കാരൻ ഇപ്പോൾ ഏവരുടെയും കയ്യടി നേടുന്നു, ഒപ്പം അദ്ദേഹം ജീവിതത്തിലേക്ക് കൈ പിടിച്ചു കേറ്റിയവർ മനസ്സറിഞ്ഞു സല്യൂട്ട് ചെയ്യുന്നു ഈ മനുഷ്യനെ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close