ഞാൻ തന്റെ സിനിമയിൽ അഭിനയിക്കുന്നത് തിരക്കഥയുടെ ഗുണം കൊണ്ടൊന്നുമല്ല; മമ്മൂട്ടിയുടെ വാക്കുകൾ വെളിപ്പെടുത്തി എസ് എൻ സ്വാമി..!

Advertisement

ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മലയാള സിനിമയിലെ ഒരു കൂട്ടുകെട്ടാണ് നടൻ മമ്മൂട്ടിയും തിരക്കഥാകൃത്തും എസ് എൻ സ്വാമിയും തമ്മിൽ ഉള്ളത്. ചക്കരയുമ്മ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഒന്നിച്ച ഇരുവരും പിന്നീട്, കണ്ടു കണ്ടറിഞ്ഞു, സ്നേഹമുള്ള സിംഹം, ഗീതം, ഒരു നോക്ക് കാണാൻ, കൂട്ടിനിളംകിളി, എന്ന് നാഥന്റെ നിമ്മി, തമ്മിൽ തമ്മിൽ എന്നിവയൊക്കെ ചെയ്തെങ്കിലും, ഈ കൂട്ടുകെട്ടിന് വമ്പൻ മൈലേജ് ഒരു സി ബി ഐ ഡയറികുറിപ്പ് എന്ന സൂപ്പർ ഹിറ്റ് കെ മധു ചിത്രമാണ്. അതിനു മുൻപ് മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് എന്ന ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിലൂടെ ആക്ഷൻ ത്രില്ലർ ചിത്രങ്ങളിലേക്ക് തിരിഞ്ഞ എസ് എൻ സ്വാമി മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച ഒരു കംപ്ലീറ്റ് ത്രില്ലർ ആയിരുന്നു ഒരു സി ബി ഐ ഡയറികുറിപ്പ്. പിന്നീട് ആ സിനിമയുടെ തന്നെ രണ്ടും മൂന്നും നാലും ഭാഗങ്ങളും എസ് എൻ സ്വാമി. രചിച്ചു. അത് കൂടാതെ ഓഗസ്റ്റ് ഒന്ന്, ചരിത്രം, കാർണിവൽ, അടിക്കുറിപ്പ്, മൗനം സമ്മതം, കളിക്കളം, പരമ്പര, അടയാളം, സൈന്യം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, ആയിരം നാവുള്ള അനന്തൻ, ഒരാൾ മാത്രം, ദി ട്രൂത്, ബൽറാം വേഴ്സസ് താരാദാസ്, ഓഗസ്റ്റ് പതിനഞ്ചു എന്നീ ചിത്രങ്ങളും മമ്മൂട്ടി നായകനായി സ്വാമി ഒരുക്കി.

ഇപ്പോൾ സി ബി ഐ സീരിസിലെ അഞ്ചാം ചിത്രത്തിനായി വീണ്ടും ഒന്നിക്കാൻ പോവുകയാണ് ഈ ടീം. എന്നാൽ ആദ്യ കാലത്തു സ്വാമി എഴുതിയ കുടുബ കഥകൾ പലതും മമ്മൂട്ടിക്ക് അത്ര താല്പര്യമില്ലായിരുന്നു എന്ന് പറയുകയാണ് അദ്ദേഹം. കാരണം, നായകന്റെ ഹീറോയിസത്തിനു പ്രാധാന്യം ഒന്നുമില്ലാതിരുന്ന ആ ചിത്രങ്ങൾ നായകന്റെ പേരിൽ ഓടിയ ചിത്രങ്ങൾ ആയിരുന്നില്ല എന്നും സ്വാമി പറയുന്നു. പക്ഷെ തന്റെ ചിത്രങ്ങളിൽ എന്നിട്ടും മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരുന്നതിനെ കുറിച്ച്, അദ്ദേഹം തന്നെ പറഞ്ഞിരുന്നത്, സ്വാമിയുടെ ചിത്രങ്ങളിൽ താൻ അഭിനയിക്കുന്നത് തിരക്കഥയുടെ ഗുണം കൊണ്ടൊന്നുമല്ല, എന്തോ ഭാഗ്യത്തിന് സ്വാമി രചിക്കുന്ന ചിത്രങ്ങൾ ഒക്കെ ഓടുന്നത് കൊണ്ടാണെന്നു എന്നാണ്. ഓടുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ ആണ് താല്പര്യം എന്നത് കൊണ്ട് സ്വാമിയുടെ സിനിമകളിൽ അങ്ങ് അഭിനയിക്കുന്നു എന്നെ ഉള്ളുവെന്നും മമ്മൂട്ടി തന്നോട് പറഞ്ഞെന്നു എസ് എൻ സ്വാമി വെളിപ്പെടുത്തുന്നു. എന്തായാലും മമ്മൂട്ടിയുടെ ആ തുറന്നു പറച്ചിൽ തനിക്കു ഇഷ്ടമാണെന്നും സ്വാമി പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close