മലയാളം കണ്ട മഹാനടന്മാരിൽ ഒരാളായ നെടുമുടി വേണു അരങ്ങൊഴിഞ്ഞു. വാർധക്യ സഹജമായ രോഗങ്ങളും അടുത്തിടെ വന്ന കോവിഡും ആണ് അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആക്കിയത്. ഏതായാലും തങ്ങളെ വിട്ടു പിരിഞ്ഞ ആ അതുല്യ കലാകാരന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകം. മോഹൻലാൽ, സൂര്യ, കമൽ ഹാസൻ എന്നിവരെല്ലാം നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുന്നോട്ട് വന്നു. തമിഴിലും ഒട്ടേറെ ഗംഭീര വേഷങ്ങൾ ചെയ്തിട്ടുള്ള നെടുമുടി വേണുവിന്റെ അഭിനയ പാടവം ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ വരെ അംഗീകരിച്ചതാണ്. ഒരിക്കൽ തമിഴ് സിനിമയിലെ മഹാനടൻ ശിവാജി ഗണേശൻ നെടുമുടി വേണുവിനെ കുറിച്ചു പറഞ്ഞ വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു.
പണ്ടൊരിക്കൽ നെടുമുടി വേണുവിന്റെ സിനിമ കണ്ടുകൊണ്ടിരിക്കെ ശിവാജി ഗണേശന്റെ സഹായി നെടുമുടി വേണു എന്ന് പറഞ്ഞു. അതുകേട്ട ഉടൻ തന്നെ, നെടുമുടി എന്നല്ല കൊടുമുടി വേണു എന്നു വിളിക്കണം, അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാള്‍ എന്നായിരുന്നു ശിവാജി ഗണേശൻ തന്റെ സഹായിയുടെ വാക്കുകൾ തിരുത്തിയത്. തനിക്ക് ഒരു സഹോദരനെ ആണ് നഷ്ടപ്പെട്ടത് എന്നു മോഹൻലാൽ പറഞ്ഞപ്പോൾ വേണു ചേട്ടൻ തനിക്കൊരു വല്യേട്ടൻ ആയിരുന്നു എന്ന് പ്രിയദർശൻ പറയുന്നു. സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് എന്നാണ് മോഹൻലാൽ പ്രതികരിച്ചത്. അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച നെടുമുടി വേണുവിന് മരിക്കുമ്പോൾ 73 വയസ്സായിരുന്നു പ്രായം. മരക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട്, പുഴു തുടങ്ങിയ ചിത്രങ്ങൾ ആണ് അദ്ദേഹം അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുളളത്.