കെ കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Advertisement

ഇന്നലെ രാത്രിയാണ് പ്രശസ്ത ബോളിവുഡ് ഗായകനും മലയാളിയുമായ കെ കെ ഹൃദയാഘാതം മൂലം അന്തരിച്ചത്. കൊൽക്കത്തയിലെ നസറുൾ മഞ്ചയിൽ ഒരു സംഗീത പരിപാടി കഴിഞ്ഞു മടങ്ങി ഹോട്ടലിൽ എത്തിയ കെ കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ അദ്ദേഹത്തെ കൽക്കട്ട മെഡിക്കൽ റിസ‌ർച്ച് ഇൻസ്‌റ്റി‌റ്റ്യൂട്ടിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയിരുന്നു. മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലും പാടിയിട്ടുള്ള അദ്ദേഹം ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് സംഗീത പ്രേമികൾ. അമ്പത്തിമൂന്നു വയസ്സായിരുന്നു മരിക്കുമ്പോൾ അദ്ദേത്തിന്റെ പ്രായം. കൃഷ്ണകുമാർ കുന്നത് എന്നായിരുന്നു അദ്ദേത്തിന്റെ മുഴുവൻ പേര്. ഏതായാലും ഇപ്പോൾ വരുന്ന വാർത്തകൾ പ്രകാരം, കെ കെയുടെ വിയോഗത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണ്.

Advertisement

വീട്ടുകാരുടെ സമ്മതം ലഭിച്ചശേഷം ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തുമെന്നും കൊൽക്കത്തയിലെ എസ്‌ സ് കെ എം ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും,അദ്ദേത്തിന്റെ മുഖത്തും തലയിലും മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ചു ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ കാണികൾ തിങ്ങി നിറഞ്ഞിരുന്നു. ഒപ്പം അവിടുത്തെ എയർ കണ്ടീഷനും പണിമുടക്കിയതോടെ പ്രോഗ്രാം കഴിഞ്ഞു ഏറെ അവശനായി വിയർത്തുകുളിച്ചാണ് അദ്ദേഹം മടങ്ങിയത്. 2400 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ അയ്യായിരത്തോളം ആളുകൾ തിങ്ങി നിറഞ്ഞുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതായാലും രാജ്യത്തിൻറെ നാനാകോണിൽ നിന്നും പ്രീയപ്പെട്ട ഗായകന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close