പ്രഭാസ് സൂപ്പർ താരമായത് പോലെ സിജു വിൽസൺ സൂപ്പർ താരമാകും; ചിത്രത്തെക്കുറിച്ചു മനസ്സ് തുറന്നു സംവിധായകൻ..!

Advertisement

മലയാളത്തിലെ പ്രശസ്ത സംവിധായകനായ വിനയൻ ഒരുക്കുന്ന പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ പീരീഡ് ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ യുവനടന്മാരിൽ ഒരാളായ സിജു വിൽസൺ ആണ് നായക വേഷം ചെയ്യുന്നത്. ഈ ചിത്രത്തിലെ നായക കഥാപാത്രമാവാൻ സിജു വിൽസൺ നടത്തിയ മേക് ഓവർ വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും സിജു വിൽസൺ എന്ന നടനെ കുറിച്ചും മനസ്സ് തുറക്കുകയാണ് സംവിധായകൻ വിനയൻ. താന്‍ സിനിമയിലേക്ക് കൊണ്ടു വന്നതും, വലിയ താരങ്ങളായി ഉയര്‍ന്നതുമായ നടന്മാരെക്കാള്‍ സിജു വില്‍സണ്‍ ഉയര്‍ച്ച നേടുമെന്ന് തനിക്ക് ഉറപ്പാണെന്നാണ് വിനയൻ പറയുന്നത്. ഈ ചിത്രത്തിലെ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തിലൂടെ സിജുവിന്റെ താരമൂല്യം വർധിക്കുമെന്നും, ബാഹുബലി എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ പ്രഭാസ് സൂപ്പർ താരമായത് പോലെ സിജു വിൽസണും ഒരു സൂപ്പർ താരമായി മാറുമെന്നും വിനയൻ പറഞ്ഞു. ചരിത്രത്തിന്റെ ഏടുകളിൽ തമസ്കരിക്കപ്പെട്ട ധീരനായ നായകനായിരുന്നു വേലായുധ പണിക്കർ എന്നും ആ ചരിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

ഈ കഥാപാത്രത്തിന് വേണ്ടി സിജു വിൽസൺ കാണിക്കുന്ന ആത്മാർഥതയും കഠിനാധ്വാനവുമൊക്കെ അത്ര വലുതാണ് എന്നും ആറേഴു മാസം സമയമെടുത്താണ് ഈ കഥാപാത്രം ചെയ്യാനുള്ള ഫിസിക്കൽ മേക് ഓവർ അദ്ദേഹം നടത്തിയതെന്നും വിനയൻ കൂട്ടിച്ചേർത്തു. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കായംകുളം കൊച്ചുണ്ണി ആയി ചെമ്പൻ വിനോദ്, മഹാരാജാവായി അനൂപ് മേനോൻ, രാജ്ഞി ആയി പൂനം ബജ്വ, എന്നിവരും ഇവരോടൊപ്പം അറുപതോളം കലാകാരന്മാരും അഭിനയിക്കുന്നു. ശ്രീനാരായണ ഗുരുവിന് മുമ്പ് തന്നെ അവർണർക്ക് വേണ്ടി ക്ഷേത്രം സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടുള്ള, പായ്ക്കപ്പലുകളും തുറമുഖവും സ്വന്തമായുണ്ടായിരുന്ന, പുഴുക്കളെ പോലെ കാണുന്ന ജനതയെ ഉയർത്തെഴുന്നേൽപ്പിക്കണം എന്ന നിലപാടിലുറച്ചു സഞ്ചരിച്ച വേലായുധ പണിക്കരുടെ ജീവിതമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close