![](https://i0.wp.com/onlookersmedia.com/wp-content/uploads/2018/07/actor-dileep-actor-siddique-stills-photos.jpg?fit=1024%2C592&ssl=1)
താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ, അമ്മയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട നടൻ ദിലീപിനെ തിരിച്ചെടുക്കാൻ കൈക്കൊണ്ട തീരുമാനം വലിയ വിവാദമായി മാറിയിരുന്നു. ‘അമ്മ ചെയ്തത് ധാർമികതയ്ക്ക് നിരക്കാത്ത കാര്യമെന്നൊക്കെ ഒരുപാട് ആക്ഷേപങ്ങൾ ഉയരുകയും ചെയ്തു. ഇരയാക്കപ്പെട്ട അംഗത്തിനൊപ്പം നിൽക്കാതെ കുറ്റാരോപിതനായ ആളെ ആണ് ‘അമ്മ പിന്തുണക്കുന്നത് എന്ന് തുടങ്ങിയ വിമർശനങ്ങളും ‘അമ്മ സ്ത്രീ വിരുദ്ധ സംഘടനയാണ് എന്ന ആക്ഷേപങ്ങളും മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇപ്പോഴിതാ അമ്മയുടെ ജോയിന്റ് സെക്രട്ടറി ആയ സിദ്ദിഖ് അന്ന് ആ ജനറൽ ബോഡി മീറ്റിങ്ങിൽ എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തുകയാണ്.
സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ, “അന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു, തുടർന്ന് ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നു. പെട്ടന്ന് കൂടിയ അവയിലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ , ദിലീപിനെ പുറത്താക്കിയതായി മമ്മൂട്ടിയുടെ പ്രസ്താവന വരുന്നു.” .അതല്ലാതെ സംഘടനയുടെ മിനിറ്റ്സിൽ പറഞ്ഞപ്രകാരമുള്ള പുറത്താക്കൽ നടപടികൾ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല എന്നാണ് സിദ്ദിഖ് പറയുന്നത്. ദിലീപിന് നോട്ടീസ് അയക്കുകയോ, മറുപടി വാങ്ങുകയോ, ചർച്ച ചെയ്യുകയോ ഒന്നും തന്നെ ഉണ്ടായില്ല. അത്തരം നടപടികൾ ജനറൽ ബോഡിയിൽ അവതരിപ്പിച്ചതിന് ശേഷം മതിയെന്ന് തീരുമാനിച്ചു, തങ്ങളൊക്കെ കൃത്യമായ നിയമവും വകുപ്പും നോക്കി കാര്യങ്ങൾ ചെയ്യുന്ന ആളുകളല്ല, എല്ലാവരും സുഹൃത്തുക്കളാണ് എന്നും സിദ്ദിഖ് പറയുന്നു.
അങ്ങനെയാണ് ജനറൽ ബോഡിയിൽ ഊർമിള ഉണ്ണിയുടെ ചോദ്യം വരുന്നത്. ‘ദിലീപിനോടുള്ള അമ്മയുടെ ഇപ്പോഴത്തെ നിലപാട് എന്താണെന്നു ഊർമിള ഉണ്ണി ചോദിച്ചപ്പോൾ അന്ന് ദിലീപിനെ പുറത്താക്കിയെന്ന് പ്രസ്താവന ഇറക്കിയെങ്കിലും ഒരു പുറത്താക്കൽ നടപടി ഉണ്ടായിട്ടില്ല എന്നും ഇനി എന്ത് ചെയ്യണമെന്നാണ് അവരുടെ അഭിപ്രായമെന്ന് ആരായുകയും ചെയ്തു. എല്ലാവരുടേതും ഒരേ സ്വരത്തിലുള്ള അഭിപ്രായമായിരുന്നു എന്നും നൂറ്റിമൂന്നോളം സ്ത്രീകൾ ഉൾപ്പടെ 235 ഓളം ആളുകൾ ഉള്ള ജനറൽബോഡിയിൽ സ്ത്രീ ശബ്ദമാണ് ഉയർന്നു കേട്ടത് എന്നും സിദ്ദിഖ് പറയുന്നു. ഇപ്പോൾ പെട്ടന്നുള്ള പുറത്താക്കൽ നടപടി വേണ്ടെന്നും അത് പിന്നീട് ആകട്ടെ എന്നാണ് എല്ലാവരും പറഞ്ഞത് എന്ന കാര്യവും സിദ്ദിഖ് കൂട്ടിച്ചേർത്തു.
അറസ്റ്റ് നടന്ന സമയത്ത് മമ്മൂട്ടിയുടെ വീട്ടിൽ ചെറിയ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ് ചേരുകയും ആ കമ്മിറ്റിയിൽ ഉണ്ടായിരുന്ന രമ്യ നമ്പീശൻ ഒക്കെ ദിലീപിനെ പുറത്താക്കണമെന്ന് ശക്തമായി വാദിക്കുകയും ചെയ്തു. അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ആ തീരുമാനത്തിൽ എത്തിയത്. അന്ന് അവിടെ പൃഥ്വിരാജ്, ആസിഫ് അലി, മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിവർ ഉണ്ടായിരുന്നു എന്നും താൻ ഉണ്ടായിരുന്നില്ല എന്നും സിദ്ദിഖ് പറഞ്ഞു. അതിനു ശേഷം ജനറൽ ബോഡിയിൽ ഇത് ചർച്ചക്ക് വന്നപ്പോൾ അതിൽ ഉണ്ടായിരുന്ന 105 സ്ത്രീകൾ അടക്കം ഉള്ള 235 പേര് ആ നടപടി മരവിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ ഭൂരിപക്ഷാഭിപ്രായം നടപ്പിലാക്കുക മാത്രമാണ് ‘അമ്മ ചെയ്തുള്ളു എന്നാണ് സിദ്ദിഖ് വ്യക്തമാക്കുന്നത്.