മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലിന്റെ നായകനാക്കി 1989 ഇൽ സിബി മലയിൽ ഒരുക്കിയ ചിത്രമാണ് ദശരഥം. ലോഹിതദാസ് രചിച്ച ഈ ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. രാജീവ് മേനോൻ എന്ന നായക കഥാപാത്രമായി ഇതിൽ മോഹൻലാൽ കാഴ്ചവെച്ച പ്രകടനം, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു നായക നടന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ പ്ലാൻ ചെയ്യുന്നതായി സിബി മലയിൽ പറഞ്ഞിരുന്നു. രാജീവ് മേനോന്റെ വർത്തമാനകാല ജീവിത വഴികളിലൂടെയുള്ള ഒരന്വേഷണം തന്റെ വലിയ ആഗ്രഹമാണ് എന്നും ആ വഴിയിലൊരു ശ്രമം പൂർണ തിരക്കഥയുമായി താൻ നാലു വർഷം മുൻപ് നടത്തിയിരുന്നു എന്നും സിബി മലയിൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹേമന്ത് കുമാർ രചിച്ച ഈ രണ്ടാം ഭാഗം ലോഹിതദാസിന് ഒരു ആദരാഞ്ജലി ആയിക്കൂടിയുമാണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇനി ആ ചിത്രം നടക്കുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്. കാരണം, ആ ചിത്രത്തിൽ മോഹൻലാലിനൊപ്പം തന്നെ നെടുമുടി വേണുവിനും വലിയ പ്രാധാന്യം ഉള്ള ഒരു കഥാപാത്രം ഉണ്ടായിരുന്നു. വേണു ചേട്ടനോട് അത് പറയുകയും തിരക്കഥ വായിക്കുകയും ചെയ്ത അദ്ദേഹം വളരെ ത്രില്ലിൽ ആയിരുന്നു എന്നും സിബി മലയിൽ പറഞ്ഞു. പക്ഷെ അപ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹം നമ്മളെ വിട്ടു പോയത്. ഇനി അദ്ദേഹമില്ലാതെ ആ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സിനിമാ പ്രേമികൾ. ഇപ്പോൾ ആസിഫ് അലി നായകനായി എത്തുന്ന കൊത്ത് എന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിൽ ആണ് സിബി മലയിൽ. ഈ ചിത്രം രചിച്ചതും ഹേമന്ത് കുമാർ ആണ്. ഹേമന്ത് കുമാറുമായി ചേർന്ന് ഇനിയും ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് എന്നും സിബി മലയിൽ പറയുന്നു. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, കിരീടം, ദശരഥം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമലദളം, സദയം, ചെങ്കോൽ, ധനം, ഭരതം, മായാമയൂരം, ഉസ്താദ്, സമ്മർ ഇൻ ബേത്ലഹേം, ദേവദൂതൻ, ഫ്ലാഷ് എന്നിവയാണ് മോഹൻലാൽ- സിബി മലയിൽ കൂട്ടുകെട്ട് ഒന്നിച്ച ചിത്രങ്ങൾ.