
മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ സൂപ്പർ ഹിറ്റ്, ക്ലാസിക് ചിത്രങ്ങൾ എത്തിച്ച സംവിധായകൻ ആണ് സിബി മലയിൽ. അതിൽ തന്നെ മോഹൻലാൽ- സിബി മലയിൽ കൂട്ടുകെട്ടിലൂടെ മലയാളത്തിന് ലഭിച്ചത് പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ചിത്രങ്ങൾ ആണ്. കിരീടം, ചെങ്കോൽ, ദശരഥം, ഭരതം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമലദളം, ഉസ്താദ്, ദേവദൂതൻ എന്നിവ അതിൽ ചിലതാണ്. ഇപ്പോൾ ഒരിടവേളക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി കൊത്ത് എന്ന ചിത്രവുമായി എത്തുകയാണ് സിബി മലയിൽ. അതിനെ കുറിച്ചും, മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ചും ഇപ്പോഴത്തെ സിനിമയെ കുറിച്ചുമെല്ലാം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ മനസ്സ് തുറന്നു. സിബി – മോഹൻലാൽ സിനിമക്കു ഇനി സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നത്, സിനിമയിൽ പ്രവചനത്തിനു സ്ഥാനമില്ല എന്നും ചിലപ്പോൾ നടന്നേക്കാം അല്ലെങ്കിൽ നടക്കാതെ ഇരുന്നേക്കാം എന്നാണ്. മാത്രമല്ല, തങ്ങൾ ഇനി ഒന്നിക്കുമ്പോൾ വലിയ പ്രേക്ഷക പ്രതീക്ഷ ഉണ്ടാകും എന്നത് കൊണ്ട് തന്നെ തങ്ങൾ മുൻപ് ചെയ്തതിലും മികച്ച നിലവാരത്തിൽ നിൽക്കുന്ന ചിത്രവുമായെ ഇനി വരാൻ പറ്റുകയുള്ളു എന്നാണ് അദ്ദേഹം വിശദമാക്കുന്നത്.
സാഹചര്യങ്ങളുടെ സമ്മർദം നിമിത്തം തെറ്റായ തീരുമാനങ്ങൾ എടുത്തു ചെയ്തത് ചില ചിത്രങ്ങളുടെ പരാജയങ്ങൾക്കു കാരണമായിട്ടുണ്ട് എന്ന് പറഞ്ഞ സിബി മലയിൽ, പഴയ കാലത്തെ അതിഭാവുകത്വമൊന്നും ഇപ്പോഴത്തെ സിനിമകളിലില്ല എന്നും കൂട്ടിച്ചേർത്തു. പ്രേക്ഷകനുമായി കൂടുതൽ ചേർന്നു നിൽക്കുന്ന സിനിമകളാണ് ഇപ്പോൾ ഉണ്ടാകുന്നതു എന്നും അഭിനേതാക്കൾ വരെ വളരെ റിയലിസ്റ്റിക് ആയാണ് പെർഫോം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. പുതിയ സിനിമയുടെ ഒറ്റ ഷെഡ്യൂൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നും അതുകൊണ്ട് തന്നെ ചിത്രം തീയേറ്റർ റിലീസ് ആണോ ഒടിടി റിലീസ് ആണോ എന്നുള്ള കാര്യങ്ങളിൽ ഒന്നും ഇപ്പോൾ തീരുമാനം ആയിട്ടില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി. ഒടിടിക്കു ഗുണവും ദോഷവും ഉണ്ടെന്നും സിനിമ ശരിക്കും തിയറ്ററിൽ ആഘോഷിക്കപ്പെടേണ്ടതാണെന്നാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം പറയുന്നു. മൂന്നരപ്പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധം ലോഹിതദാസ് എന്ന രചയിതാവിന്റെ വേർപാട് ആണെന്നും താനും ലോഹിയും മോഹൻലാലും ചേർന്നുള്ള ഒരു സിനിമ ചർച്ചാഘട്ടത്തിലായിരുന്ന സമയത്താണ് അദ്ദേഹം അന്തരിച്ചത് എന്നും സിബി തുറന്നു പറയുന്നു.