പൃഥ്വിരാജ് സുകുമാരന് എന്നോടുള്ള ആ ദേഷ്യം മാറാൻ സാധ്യതയില്ല; വെളിപ്പെടുത്തി സിബി മലയിൽ

Advertisement

പ്രശസ്ത സംവിധായകൻ സിബി മലയിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ കൊത്തുമായി പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. ആസിഫ് അലി നായകനായ ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം രചിച്ചത് ഹേമന്ത് കുമാറും നിർമ്മിച്ചത് രഞ്ജിത്തുമാണ്. ഇതിന്റെ പ്രമോഷന്റെ ഭാഗമായി ഒട്ടേറെ മാധ്യമ അഭിമുഖങ്ങളുടെ ഭാഗമായി സിബി മലയിൽ മുന്നോട്ടു വരികയും ഏറെ കാര്യങ്ങൾ തുറന്ന് സംസാരിക്കുകയും ചെയ്തു. അതിൽ പൃഥ്വിരാജ് സുകുമാരനൊപ്പം ഒരു ചിത്രം ചെയ്യുന്ന കാര്യം സംസാരിക്കവെ, അങ്ങനെ ഒരു ചിത്രം സംഭവിക്കാൻ സാധ്യതയില്ലെന്നും അതിനുള്ള കാരണവും സിബി മലയിൽ വെളിപ്പെടുത്തി. പൃഥ്വിരാജ് സുകുമാരനുമായി വർഷങ്ങളായി നിലനിൽക്കുന്ന അകൽച്ചയെ കുറിച്ചും അതിനെന്താണ് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു. വർഷങ്ങൾക്കു മുൻപ് സിബി മലയിൽ സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തിൽ ജയറാമിന്റെ അനുജനായി പൃഥ്വിരാജിനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതിഫലവുമായി ബന്ധപ്പെട്ട എന്തോ കാര്യം കൊണ്ട് നിർമ്മാതാക്കൾ പൃഥ്വിരാജ് സുകുമാരനെ പിന്നീട് ഈ ചിത്രത്തിൽ നിന്നൊഴിവാക്കി.

നിർമ്മാതാവും രചയിതാവും കൂടിയാണ് ആദ്യം പൃഥ്വിരാജ് സുകുമാരനെ പോയി കണ്ട് ഈ കഥാപാത്രം ചെയ്യാൻ ക്ഷണിച്ചതെന്നും, പിന്നീട് പ്രതിഫലത്തിന്റെ കാര്യത്തിൽ പ്രശ്നം വന്നപ്പോൾ ഒഴിവാക്കിയതും അവർ തന്നെയാണെന്നും സിബി മലയിൽ പറയുന്നു. താൻ പൃഥ്വിരാജ് സുകുമാരനെ പോയി കണ്ടിരുന്നില്ലെന്നും, സാമ്പത്തികമായ കാരണമായത് കൊണ്ട് തന്നെ പൃഥ്വിരാജ് സുകുമാരനെ ഒഴിവാക്കാനുള്ള നിർമ്മാതാവിന്റെ തീരുമാനത്തിൽ തനിക്കു ഇടപെടാൻ കഴിയില്ലെന്നും സിബി മലയിൽ പറഞ്ഞു. എന്നാൽ പൃഥ്വിരാജ് ധരിച്ചിരിക്കുന്നത് താനിടപെട്ടാണ് അദ്ദേഹത്തെ മാറ്റിയതെന്നാണെന്നും, വർഷങ്ങൾ കഴിഞ്ഞാണ് ഇത് താൻ മനസ്സിലാക്കിയതെന്നും സിബി മലയിൽ വിശദീകരിച്ചു. ആ തെറ്റിദ്ധാരണ മാറേണ്ട ഘട്ടം കഴിഞ്ഞു പോയെന്നും ഇനി അത് മാറുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് പൃഥ്വിരാജ് സുകുമാരന് പകരം ആ ചിത്രത്തിലെ അനുജൻ വേഷം ചെയ്തത് അരുൺ എന്ന നടനാണ്. ഇങ്ങനെയൊരകൽച്ച നിലനിന്നപ്പോഴും പൃഥ്വിരാജിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് താനാണെന്നും സിബി മലയിൽ കൂട്ടിച്ചേർക്കുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close