ഒരു പക്ഷെ അതൊരു റെക്കോർഡ് ആയിരിക്കും; മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രത്തെക്കുറിച്ചു സിബി മലയിൽ..!

Advertisement

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ- സിബി മലയിൽ. രചയിതാവ് ലോഹിത ദാസിനൊപ്പവും അല്ലാതെയും മോഹൻലാൽ- സിബി മലയിൽ കൂട്ടുകെട്ട് ക്ലാസിക് ചിത്രങ്ങളാണ് നമ്മുക്ക് സമ്മാനിച്ചത്. മോഹൻലാലിന്റെ ആദ്യ രണ്ട് ദേശീയ അംഗീകാരങ്ങളും സിബി മലയിൽ ചിത്രങ്ങളിലൂടെയായിരുന്നു. കിരീടം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചപ്പോൾ ഭരതം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. അതിൽ തന്നെ ഭരതം മോഹൻലാൽ നിർമ്മിച്ച ചിത്രം കൂടിയാണ്. മോഹൻലാൽ പ്രണവം എന്ന ബാനറിൽ നിർമ്മിച്ച ആദ്യ മൂന്നു ചിത്രങ്ങളും സിബി മലയിൽ ആണ് സംവിധാനം ചെയ്തത്. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം എന്നീ മൂന്നു ചിത്രങ്ങളും സൂപ്പർ വിജയങ്ങളും വമ്പൻ നിരൂപക പ്രശംസ നേടിയവയുമായിരുന്നു. ഇപ്പോഴിതാ ഭരതം എന്ന ചിത്രം സംഭവിച്ചതിനെക്കുറിച്ചു മനസ്സു തുറക്കുകയാണ് സിബി മലയിൽ.

അതിന്റെ കഥ ഉണ്ടാക്കി കൃത്യം 56 ആം ദിവസമാണ് ആ ചിത്രം തീയേറ്ററുകളിൽ എത്തിയതെന്നും അതു ചിലപ്പോൾ ഒരു റെക്കോർഡ് ആയിരിക്കുമെന്നാണ് സിബി പറയുന്നത്. ഒരുപാട് ടെൻഷനിടയിൽ ഷൂട്ട് ചെയ്ത ചിത്രമായിരുന്നു അതെന്നും ആ ചിത്രം ബോക്‌സ് ഓഫീസിൽ വമ്പൻ വിജയം നേടിയതിനൊപ്പം ഒട്ടേറെ പുരസ്കാരങ്ങളും വാരി കൂട്ടി തങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറം പോയെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. ഇന്ന് ആലോചിക്കുമ്പോൾ അന്നത്തെ അവസ്ഥയിൽ ആ ചിത്രം എങ്ങനെ തനിക്ക് പൂർത്തിയാക്കാൻ സാധിച്ചു എന്നത് പോലും മനസ്സിലാക്കാൻ പറ്റുന്നില്ല എന്നും അന്നത് തീർക്കാൻ സാധിച്ചത് ഒരത്ഭുതമാണെന്നും സിബി വെളിപ്പെടുത്തുന്നു. മറ്റൊരു കഥയിൽ ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന ഒരു ചിത്രത്തിന്റെ സ്വിച്ച് ഓണ് ചടങ്ങിൽ വെച്ചാണ് അതിന്റെ കഥക്ക് റിലീസായ മറ്റൊരു ചിത്രത്തിന്റെ കഥയുമായി സാമ്യമുണ്ടെന്നു സിബി അറിയുന്നത്. ഷൂട്ടിങ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ, അതേ ദിവസം വെറും നാല് മണിക്കൂർ കൊണ്ട് ഉണ്ടാക്കിയ കഥയാണ് ഭരതം. സിബിയുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തിൽ നിന്നാണ് ലോഹിതദാസ് ആ കഥ ഉണ്ടാക്കിയത്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഓരോ ദിവസവും രണ്ടും മൂന്നും സീനുകൾ വീതം എഴുതിയും കേരളത്തിൽ ഷൂട്ടിംഗ് നടക്കുമ്പോൾ, ട്യൂണുകൾ പോലും കേൾക്കാൻ സാധിക്കാതെ ചെന്നൈയിൽ നിന്നു രവീന്ദ്രൻ മാസ്റ്റർ അയച്ചു തന്ന ഗാനങ്ങളുമായാണ് സംഗീത പ്രാധാന്യമുള്ള ഭരതം ഒരുക്കിയതെന്നും സിബി ഓർത്തെടുക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close