തന്റെ ആ ചിത്രം ഒരിക്കൽ കൂടി റീമേക് ചെയ്യാൻ ആഗ്രഹം; വെളിപ്പെടുത്തി സിബി മലയിൽ.

Advertisement

മലയാളത്തിൽ ഒട്ടേറെ ക്ലാസിക് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. ലോഹിതദാസിനൊപ്പം ചേർന്ന് മനോഹരമായ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച അദ്ദേഹം, മോഹൻലാൽ, മമ്മൂട്ടി എന്നീ മഹാനടന്മാരെ ഗംഭീരമായി ഉപയോഗിച്ച സംവിധായകൻ കൂടിയാണ്. അതിൽ തന്നെ മോഹൻലാലുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന ചിത്രങ്ങളാണ് തന്നിട്ടുള്ളത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, കിരീടം, ദശരഥം , ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമലദളം, സദയം, ചെങ്കോൽ, ധനം, ഭരതം, മായാമയൂരം, ഉസ്താദ്, സമ്മർ ഇൻ ബേത്ലഹേം, ദേവദൂതൻ, ഫ്ലാഷ് എന്നീ ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തു വന്നിട്ടുള്ളതു. അതിൽ തന്നെ 90 ശതമാനം ചിത്രങ്ങളും മലയാളത്തിലെ ക്ലാസിക്കുകൾ ആയി മാറുകയും കിരീടം, ഭരതം എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലിന് രണ്ടു ദേശീയ പുരസ്‍കാരങ്ങൾ ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ഒരു ചിത്രം തനിക്കു ഒന്നുകൂടി ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിബി മലയിൽ. വലിയ നിരൂപക പ്രശംസയും പിൽക്കാലത്തു ടെലിവിഷനിൽ വന്നപ്പോൾ വലിയ പ്രേക്ഷക പ്രശംസയും നേടിയ ദേവദൂതൻ എന്ന മോഹൻലാൽ ചിത്രം വേറെ ഒരു ഭാഷയിൽ റീമേക് ചെയ്യണം എന്ന ആഗ്രഹമാണ് സിബി പറയുന്നത്.

അതിനു കാരണമായി സിബി പറയുന്നത് മോഹൻലാൽ എന്ന സൂപ്പർ താരം എത്തിയപ്പോൾ താൻ ഉദ്ദേശിച്ച രീതിയിൽ നിന്ന് കഥയിൽ മാറ്റം വരുത്തി ചെയ്യേണ്ടി വന്ന ചിത്രമായിരുന്നു ദേവദൂതൻ എന്നതാണ്. താനും രഘുനാഥ് പലേരിയും കൂടി ആ സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം അതില്‍ മോഹന്‍ലാല്‍ ഇല്ലായിരുന്നു എന്നും  ഏഴ് വയസ്സുള്ള ഒരു കുട്ടിയായിരുന്നു അതിലെ പ്രധാന കഥാപാത്രമെന്നും സിബി പറയുന്നു. എന്നാൽ ആകസ്മികമായി മോഹന്‍ലാല്‍ ഈ കഥ കേട്ട് താല്‍പര്യം അറിയിച്ചതോടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കറിന് ഇത് മോഹന്‍ലാല്‍ സിനിമയായി തന്നെ ചെയ്യണമെന്ന് ആഗ്രഹം തോന്നുകയും, അതിന്റെ ക്യാന്‍വാസ് വീണ്ടും വലുതാവുകയും ചെയ്തു. മോഹന്‍ലാലിനെ പോലെ ഒരു നടന്‍ വരുമ്പോള്‍ നിര്‍മ്മാതാവിനും അത് സാമ്പത്തികമായി ഗുണം ചെയ്യുമെന്നുള്ളത് കൊണ്ട് തന്നെ, ആ രീതിയിൽ അതൊരു മോഹൻലാൽ ചിത്രമായി ഒരുക്കുകയും, താൻ ആദ്യം മനസ്സിൽ കണ്ട കൊച്ചു ചിത്രമായി അത് ഒരുക്കാൻ സാധിക്കാതെ വരുകയും ചെയ്തെന്നു സിബി മലയിൽ വിശദീകരിച്ചു.

Advertisement

അതുകൊണ്ടാണ് ആ ചിത്രം താൻ ആഗ്രഹിച്ച രീതിയിൽ, വേറെ ഒരു ഭാഷയിൽ ഒരുക്കണമെന്ന് ചിന്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. നസിറുദ്ദീൻ ഷാ, മാധവി എന്നിവരെ മനസ്സിൽ കണ്ട് എൺപതുകളിൽ ഈ  ചിത്രമൊരുക്കാൻ ശ്രമിച്ചു എന്നും, പിന്നീട് വർഷങ്ങൾക്കു ശേഷം തെന്നിന്ത്യൻ യുവ താരമായിരുന്ന മാധവനേയും ഈ ചിത്രത്തിനായി സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. മോഹൻലാലിനെ നായകനാക്കി ദശരഥം എന്ന തന്റെ ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനും സിബി മലയിലിനു പ്ലാൻ ഉണ്ട്. ഇപ്പോൾ ആസിഫ് അലി നായകനായ കൊത്തു എന്ന ചിത്രം ഒരുക്കുകയാണ് അദ്ദേഹം. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close