മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസായ ഷൈലോക്ക് ഈ വരുന്ന ജനുവരി 23 നു ആഗോള റിലീസായി എത്താനൊരുങ്ങുകയാണ്. സെൻസറിംഗ് കഴിഞ്ഞ ഈ ചിത്രം രണ്ടു മണിക്കൂർ പത്തു മിനിട്ടു ദൈർഖ്യമുള്ള ഒരു മാസ്സ് ചിത്രമാണ്. ഇതിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഗൾഫിൽ വെച്ചാണ് നടന്നത്. ആ ചടങ്ങിൽ പലരും ഈ ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ നിർമ്മാതാവായ ജോബി ജോർജ് ഷൈലോക്കിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകരെ ഏറെ ആവേശം കൊള്ളിച്ചത്. മമ്മൂട്ടിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കസബയും അതുപോലെ ഷാജി പാടൂർ ഒരുക്കിയ അബ്രഹാമിന്റെ സന്തതികളും നിർമ്മിച്ച ആളാണ് ജോബി ജോർജ്.
അദ്ദേഹം പറയുന്നത് അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് മേൽപ്പറഞ്ഞ രണ്ടു ചിത്രങ്ങളെക്കാളും അതിൽ മമ്മൂട്ടി അവതരിപ്പിച്ച എസ് ഐ രാജൻ സക്കറിയ, എബ്രഹാം എന്നിവരേക്കാളും നൂറിരട്ടി മുകളിൽ നിൽക്കുമെന്നാണ്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ്. മമ്മൂട്ടിയോടൊപ്പം ഒരു വലിയ താര നിര തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ മാസ്സ് ചിത്രം അജയ് വാസുദേവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ്. രാജാധിരാജ എന്ന മമ്മൂട്ടി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച അജയ് പിന്നീട് മാസ്റ്റർ പീസ് എന്ന മമ്മൂട്ടി ചിത്രമാണ് ചെയ്തത്. തമിഴ് നടൻ രാജ് കിരണും ഷൈലോക്കിൽ മമ്മൂട്ടിക്കൊപ്പം തുല്യ പ്രാധാന്യം ഉള്ള വേഷമാണ് ചെയ്യുന്നത്.