പതിനൊന്നു വർഷം മുൻപ് ബെന്നി പി നായരമ്പലം രചിച്ചു ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ചട്ടമ്പിനാട്. ആ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ദശമൂലം ദാമു എന്ന ഹാസ്യ കഥാപാത്രം പിന്നീട് ആ ചിത്രത്തേക്കാളും അതിലെ മറ്റെല്ലാ കഥാപാത്രങ്ങളെക്കാളും വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. ആ ചിത്രം ഓർക്കാത്തവർ പോലും ദശമൂലം ദാമുവിനെ മറക്കാത്ത നിലക്ക് ആ കഥാപാത്രം സോഷ്യൽ മീഡിയ ട്രോളുകളിലൂടെ പോപ്പുലറായി. ഇപ്പോഴിതാ ദശമൂലം ദാമുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ വരികയാണ്. ബെന്നി പി നായരമ്പലം തന്നെ രചിച്ചു ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വർഷം തന്നെ ഉണ്ടാവും എന്ന് സിനിമ പാരഡിസോ ക്ലബ് സിനിമ അവാർഡ്‌സിൽ ബെന്നി പി നായരമ്പലം പറഞ്ഞു. എന്നാൽ അവിടെ എല്ലാവരെയും ഞെട്ടിച്ച ഒരു വെളിപ്പെടുത്തലും ഉണ്ടായി. ദശമൂലം ദാമു എന്ന കഥാപാത്രത്തെ ഹീറോയാക്കി ഒരു സിനിമ ചെയ്യാനുള്ള പ്ലാനുമായി പ്രശസ്ത രചയിതാവ് ശ്യാം പുഷ്ക്കരൻ ബെന്നിയെ സമീപിച്ചിരുന്നു എന്നതാണ് അത്.
ആ കഥാപാത്രത്തെ വെച്ചൊരു സിനിമയൊരുക്കാനുള്ള അവകാശം മേടിക്കാനാണ് ശ്യാം പുഷ്ക്കരൻ ബെന്നി പി നായരമ്പലത്തെ കണ്ടത്. എന്നാൽ താനും അത്തരം ഒരു ചിത്രം പ്ലാൻ ചെയ്യുകയാണ് എന്നത് കൊണ്ട് ബെന്നിക്ക് അന്ന് ശ്യാമിനെ മടക്കിയയയ്ക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥ രചയിതാവിനുള്ള സി പി സി അവാർഡ് നേടിയ ശ്യാമിന് അവാർഡ് സമ്മാനിക്കാൻ എത്തിയതായിരുന്നു ബെന്നി പി നായരമ്പലം. ഏതായാലും പ്രേക്ഷകർ കാത്തിരിക്കുന്ന ദശമൂലം ദാമു ഈ വർഷം തന്നെ നായകനായി എത്തും എന്നുറപ്പു നൽകിയിരിക്കുകയാണ് ബെന്നി പി നായരമ്പലം.