ഏറെ അസ്വസ്ഥയാക്കിയ ആ ഗാനം; ഒരു സ്ത്രീക്കും അത് സുഖകരമായി തോന്നില്ല: ചിരഞ്ജീവി ചിത്രത്തിലെ ഗാനത്തെ കുറിച്ച് ശ്രുതി ഹാസൻ

Advertisement

തെന്നിന്ത്യൻ സിനിമയുടെ മെഗാസ്റ്റാർ ആയ ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാൾട്ടയർ വീരയ്യ. ഈ വരുന്ന ജനുവരി പതിമൂന്നിന് സംക്രാന്തി റിലീസായി എത്തുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബോബി കൊല്ലി ആണ്. തമിഴ് സുന്ദരി ശ്രുതി ഹാസനാണ് ഈ ചിത്രത്തിൽ മെഗാസ്‌റ്റാറിന്റെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഇരുവരും ഒരുമിച്ചഭിനയിച്ച ഒരു പ്രണയ ഗാനവും ഈ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ആ ഗാനത്തെ കുറിച്ച് ശ്രുതി ഹാസൻ പങ്ക് വെച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ചിരഞ്ജീവിക്കൊപ്പം അഭിനയിച്ച ആ പാട്ട് തനിക്ക് ഒട്ടും സുഖകരമായ അനുഭവമല്ല സമ്മാനിച്ചതെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. യൂറോപ്പിലാണ് ഈ ഗാനം ചിത്രീകരിച്ചത്. ശ്രുതി ഹാസനും ചിരഞ്ജീവിയും മഞ്ഞിൽ നൃത്തം ചെയ്യുന്ന രംഗങ്ങൾ ഉൾപ്പെട്ട ഒരു ഗാനമാണിത്.

സാരിയുടുത്ത് മഞ്ഞിൽ മറ്റൊരു ഗാനരംഗം ഷൂട്ട് ചെയ്യേണ്ട അനുഭവം ഇനിയുണ്ടാകില്ലെന്നു വിശ്വസിക്കുന്നു എന്നാണ് ശ്രുതി ഹാസൻ പറയുന്നത്. ശാരീരികമായി ഏറെ വിഷമങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുന്ന ഒരവസ്ഥയാണത് എന്നും അവർ പറഞ്ഞു. അത്തരം പാട്ടുകൾ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നത് കൊണ്ടാണ് തങ്ങൾക്ക് അത് ചെയ്യേണ്ടി വന്നതെന്ന് പറഞ്ഞ ശ്രുതി ഹാസൻ, ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് ഒട്ടും സുഖകരമല്ലാത്ത കാര്യമാണ് എന്നും കൂട്ടിച്ചേർക്കുന്നു. ശ്രീദേവി ചിരഞ്ജീവി എന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഡി എസ് പിയും, ആലപിച്ചിരിക്കുന്നത് ജസ്പ്രീത് ജാസ്, സമീറ ഭരദ്വാജ് എന്നിവരുമാണ്. റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദ് ആണ് ഇതിന്റെ സംഗീത സംവിധായകൻ. കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം, മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close