രണ്ടാമൂഴം എന്ന ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ച നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഈ ചിത്രത്തിന്റെ തിരക്കഥ എം ടി വാസുദേവൻ നായർ എഴുതി നൽകിയത് വി എ ശ്രീകുമാർ മേനോൻ എന്ന സംവിധായകന് ആണ്. എന്നാൽ കരാർ പ്രകാരം ഉള്ള സമയത്തു ശ്രീകുമാർ മേനോന് ഈ ചിത്രം ആരംഭിക്കാൻ സാധിക്കാത്തതു കൊണ്ട് അദ്ദേഹത്തിൽ ഉള്ള വിശ്വാസം നഷ്ട്ടപെട്ടു എന്നും അതിനാൽ തിരക്കഥ തിരികെ വേണം എന്ന് ആവശ്യപ്പെട്ടു എം ടി വാസുദേവൻ നായർ കോടതിയിൽ എത്തി. കീഴ്‌ക്കോടതികളിൽ ഒക്കെ എം ടി ക്കു അനുകൂലമായ വിധി ആണ് വന്നത് എങ്കിലും ഈ പ്രശ്‌നത്തിന് അന്തിമമായി ഒരു തീരുമാനം എവിടെയും ഉണ്ടായില്ല. ഇപ്പോഴിതാ ഈ കേസിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ശ്രീകുമാർ മേനോൻ.
ഈ വിഷയത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാർ മേനോൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കോഴിക്കോട് ഒന്നാം മുന്‍സിഫ് കോടതിയില്‍ എം.ടി. നല്‍കിയ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ടാണ് ശ്രീകുമാർ മേനോൻ ഇപ്പോൾ സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകിയിരിക്കുന്നത്. കരാർ പ്രകാരം രണ്ടു കോടി രൂപ എം ടിക്ക് നൽകിയിട്ടുണ്ട് എന്നും അത് കാണാതെ ആണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് എന്നും ശ്രീകുമാർ മേനോൻ ആരോപിക്കുന്നു. തന്‍റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് എം..ടി വാസുദേവന്‍ നായര്‍ നല്‍കിയ തടസ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിൽ ഉണ്ടെന്നാണ് മറ്റൊരു കൗതുകകരമായ വസ്തുത.